ജയിലഴിക്കുള്ളിലായ സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങള്‍
ന്യൂഡല്‍ഹി: ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം,സ്വാമി നിത്യാനന്ദ, സാന്ദ് സ്വാമി ഭീമാനന്ദ് എന്നിവരെല്ലാം സ്ത്രീപീഡന കേസുകളില്‍ തടവറക്കുള്ളിലാണ്. ഇവര്‍ക്ക് പിന്നാലെയാണ് താന്‍ ഭഗവനാണെന്ന് സ്വയം പ്രഖ്യാപിച്ച് നൂറിലധികം ആശ്രമങ്ങളുടെ അധിപനായ അസാറാം ബാപ്പുവും തടവുശിക്ഷക്ക് വിധിക്കപ്പെട്ടത്.
ആശ്രമത്തിലെ അന്തേവാസികളെ പീഡിപ്പിച്ചുവെന്ന കേസിലാണ് സ്വന്തമായി ഒരു സാമ്രാജ്യം തന്നെ വളര്‍ത്തിയെടുത്ത ദേരസച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് പിടിയിലായത്. പരാതിക്കാരി 2002ല്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്ക് നല്‍കിയ പരാതിയാണ് പിന്നീട് റാം റഹീമിന്റെ പതനത്തിലേക്ക് വഴിവച്ചത്.
2010ല്‍ തമിഴ് സിനിമാ താരത്തെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് സ്വാമി നിത്യാനന്ദയെക്കുറിച്ചുള്ള വാര്‍ത്ത പുറംലോകമറിയുന്നത്. ഇതേതുടര്‍ന്ന് ഇയാളുടെ ആശ്രമത്തില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് അടക്കമുള്ളവ കണ്ടെടുക്കപ്പെട്ടു. എന്നാല്‍ പിടിയിലാകുമെന്ന് കണ്ടതോടെ ആശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ട നിത്യാനന്ദയെ ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയില്‍ നിന്ന് 2010 ഏപ്രില്‍ 21നാണ് അറസ്റ്റ് ചെയ്യുന്നത്. ഇതിനിടയില്‍ വിദേശ വനിതയെ പീഡിപ്പിച്ചുവെന്ന കേസും ഇയാള്‍ക്കെതിരേയുണ്ടായി.
സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ശിവ് മുരാത് ദ്വിവേദി എന്ന ഇച്ചാദാരി സാന്ദ് സ്വാമി ഭീമാനന്ദ് ജി മഹാരാജ് ജയിലഴിക്കുള്ളിലായത്. പ്രത്യേകം വെബ്‌സൈറ്റ് തുടങ്ങിയായിരുന്നു ഇയാള്‍ പെണ്‍കുട്ടികളെ പലര്‍ക്കായി നല്‍കിയിരുന്നത്. 2010 ഫെബ്രുവരി 25ന് ഇയാള്‍ രണ്ട് എയര്‍ ഹോസ്റ്റസുമാര്‍ക്കൊപ്പം പിടിക്കപ്പെട്ടതോടെയാണ് തട്ടിപ്പുകള്‍ വെളിപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."