ആണവ കരാറില്‍ മാറ്റത്തിന് അവകാശമില്ലെന്ന് ഇറാന്‍
തെഹ്‌റാന്‍: ഫ്രാന്‍സ്, യു.എസ് നേതൃത്വത്തില്‍ ആവശ്യപ്പെട്ട പുതിയ ആണവക്കരാറിന്റെ ആവശ്യം ഇറാന്‍ തള്ളി. ഇറാന്‍ ആണവക്കരാറില്‍ നിന്ന് മാറ്റം വരുത്താന്‍ ഒരു ശക്തിക്കും അധികാരമില്ലെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഏഴു രാജ്യങ്ങള്‍ അംഗീകരിക്കപ്പെട്ട കരാറില്‍ വീണ്ടും ചര്‍ച്ച നടത്താന്‍ അവകാശമില്ല. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കേവലം വ്യവസായിയാണ്. അദ്ദേഹത്തിന് അന്താരാഷ്ട്ര കരാറുകളില്‍ അഭിപ്രായം പറയാനുള്ള യോഗ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപരമായി താങ്കള്‍ക്ക് യാതൊരു പശ്ചാത്തലവും ഇല്ല. നിയമപരമായും അന്താരാഷ്ട്ര വിഷയങ്ങളിലും ഒരു സാഹചര്യവുമില്ല- റൂഹാനി തുടര്‍ന്നു. ആണവ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചാല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയെ റൂഹാനി തള്ളി.
തങ്ങളുടെ ആണവ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായക മാറ്റം വരുത്തും. കഴിഞ്ഞ കാലങ്ങളില്‍ വ്യത്യസ്തമായി സമാധാനപരമായ പ്രവര്‍ത്തനങ്ങളാണ് ഇനി നടത്തപ്പെടുക. ആണവായുധം നിര്‍മിക്കുന്നില്ലെന്ന് മാത്രമല്ല, അതിനെ സംബന്ധിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട നിലപാടില്‍ നിന്ന് ഫ്രാന്‍സ് ചുവടുമാറ്റി. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അധികാരങ്ങള്‍ വേണമെന്നും അതിനാല്‍ ഇറാനുമായി പുതിയ കരാറിന് ഇനി മുതല്‍ ശ്രമം നടത്തുമെന്നും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
യു.എസ് സന്ദര്‍ശനം നടത്തുന്ന മാക്രോണ്‍ ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ ആണവ കരാര്‍ നിബന്ധനകള്‍ അനുസരിച്ച് തുടരണമെന്ന് ആവര്‍ത്തിച്ചിരുന്ന മാക്രോണ്‍ ഇന്നലെയാണ് നിലപാടില്‍ മാറ്റം വരുത്തിയത്. 2025 വരെ ഇറാന്‍ ആണവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് തടയണം. ദീര്‍ഘകാലത്തേക്ക് ആണവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തുന്നത് കരാറിന്റെ ലംഘനമാണ്. പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ പരസ്യമായും രഹസ്യമായും ഇറാന്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും മാക്രോണ്‍ പറഞ്ഞു.
ആണവ കരാര്‍ തുടരുകയാണെങ്കില്‍ വലിയ പ്രശ്‌നമുണ്ടാവുമെന്ന് ട്രംപ് പറഞ്ഞു. കരാറില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു കരാറുണ്ടാക്കണം. പുതിയ കരാറിനായി ഉറച്ച അടിത്തറ പണിയേണ്ടിയിരിക്കുന്നു. പുതിയ കരാര്‍ സിറിയ, യമന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കരാറായിരിക്കണം. പശ്ചിമേഷ്യയിലെ ഏത് രാജ്യത്ത് പോയാലും അവിടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ കാല്‍പാടുകള്‍ നിങ്ങള്‍ക്ക് കാണാമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസം12ന് അവസാനിക്കുന്ന ഇറാന്‍ ആണവ കരാര്‍ തുടരണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടു. കരാറില്‍ ഭാവിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അന്ന് കാണാം. ഒരു കരാര്‍ മാത്രമാണ് നിലനില്‍ക്കുന്നത്. അത് തുടരണമെന്നും യൂറോപ്യന്‍ യൂനിയന്‍ വിദേശ രാഷ്ട്രീയ തലവന്‍ ഫെഡര്‍സിയ മൊഗിരിനി ആവശ്യപ്പെട്ടു.
ബ്രസല്‍സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2015ല്‍ ആണ് യു.എസ്, ഫ്രാന്‍സ്,ചൈന, റഷ്യ, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായി ഇറാന്‍ ആണവ കരാറില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."