മീന്‍ ശേഖരിക്കാന്‍ ലക്ഷദ്വീപിലേക്ക്്‌പോയ ബോട്ടും തൊഴിലാളികളെയും കാണാതായി
ഫറോക്ക് (കോഴിക്കോട്): ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് മീന്‍ ശേഖരിക്കാന്‍ പോയ യന്ത്രവല്‍കൃത ബോട്ടും അഞ്ചു തൊഴിലാളികളെയും കാണാതായി. ബേപ്പൂര്‍ കല്ലിങ്ങല്‍ സ്വദേശി പനക്കല്‍ സുഭാഷിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണപ്രിയ ബോട്ടിനെക്കുറിച്ചാണ് വിവരമില്ലാത്തത്.
തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ കാണാതയവര്‍ക്കുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ലക്ഷദ്വീപ് കടമത്ത് സ്വദേശിയായ റിയാസ് മന്‍സിലില്‍ റിയാസ്ഖാന്‍ (30), ആന്ത്രോത്ത് സ്വദേശികളായ പി.പി തിത്തിച്ചമ്മട വീട്ടില്‍ മുഹമ്മദ് മുസമ്മില്‍ (33), എ.കെ.ഹൗസില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (28), ചെത്താപ്പൊക്കട മുഹമ്മദ് അബ്ദുല്‍ റൗഫ് (20) കണ്ണത്തിമ്മട മുഹമ്മദ് ബഷീര്‍ (29) എന്നിവരെയാണ് കാണാതായത്.
ഇവര്‍ കഴിഞ്ഞ 18നാണ് മത്സ്യംശേഖരിക്കാന്‍ ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയത്. മത്സ്യംകയറ്റി 22നു രാത്രി 10.30ന് ബേപ്പൂരിലെ ഏജന്റുമായി ബോട്ടിന്റെ സ്രാങ്ക് മുഹമ്മദ് മുസമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ബോട്ട് ബേപ്പൂരിലെത്തേണ്ടതായിരുന്നു. രണ്ടു ദിവസം പിന്നിട്ടിട്ടും കാണതായതോടെയാണ് ഉടമ സുഭാഷ് കോസ്റ്റ്ഗാര്‍ഡിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലും അറിയിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ കടല്‍ക്ഷോഭത്തില്‍ ബോട്ട് പെട്ടിട്ടുണ്ടാകാം എന്ന സംശയത്തിലാണ് മത്സ്യത്തൊഴിലാളികള്‍. കടലിലുള്ള മറ്റു ബോട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഉടമ പരാതി നല്‍കിയത്.
തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ ബന്ധപ്പെട്ടതായി ഹാര്‍ബര്‍ വികസന സമിതി പ്രസിഡന്റ് കരിച്ചാലി പ്രേമന്‍ പറഞ്ഞു.
തീര സംരക്ഷണ സേനയുടെ കപ്പലും ഹെലികോപ്റ്ററും ചെത്തലത്ത് ദ്വീപ് ആഴക്കടലില്‍ ഇന്നു രാവിലെ മുതല്‍ തിരച്ചില്‍ നടത്തുമെന്നു കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ബേപ്പൂരില്‍ നിന്നു ലഭ്യമായ വിവരങ്ങള്‍ കവറത്തി കോസ്റ്റ് ഗാര്‍ഡ് സ്‌റ്റേഷനു കൈമാറിയാണ് തിരച്ചില്‍ ഏകോപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."