ഹജ്ജ്, ഉംറ നിര്‍വഹിച്ചവരെ കണ്ടെത്താന്‍ പാസ്‌പോര്‍ട്ടുകള്‍ പരിശോധിക്കുന്നു
കൊണ്ടോട്ടി: മുന്‍പ് ഹജ്ജ്, ഉംറ നിര്‍വഹിച്ചവരെ കണ്ടെത്താന്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ മുന്‍കൂട്ടി പരിശോധിക്കുന്നു. പാസ്‌പോര്‍ട്ടില്‍ ഹജ്ജ് വിസ സ്റ്റാമ്പിങിന് മുന്‍പ് തന്നെ പരിശോധന നടത്തി ഇത്തരക്കാരുടെ ലിസ്റ്റ് തയാറാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി തുടങ്ങി. തുടര്‍ന്ന് നിലവിലെ നിരക്കിനോടൊപ്പം വിസ ചാര്‍ജായി 2000 സഊദി റിയാല്‍ (35,202 രൂപ) അടച്ചെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഇവരുടെ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പിങ് നടത്തുകയുള്ളൂ.
ഹജ്ജ് അപേക്ഷ സമര്‍പ്പണ സമയത്ത് മൂന്ന് വര്‍ഷത്തിനിടെ ഹജ്ജ്. ഉംറ നിര്‍വഹിച്ചവര്‍ രണ്ടായിരം സഊദി റിയാല്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ രണ്ടാംഗഡു നിശ്ചയിച്ച സമയത്താണ് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം കേന്ദ്ര ഹജ്ജ് കമ്മറ്റി അറിയിച്ചത്.രണ്ടാം ഗഡു മെയ് 23 നാണ് അടക്കേണ്ടത്.
ഇതിനകം തന്നെ അധിക തുക നല്‍കേണ്ട ആളുകളുടെ ലിസ്റ്റ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിക്കും. ഈ തുക കൂടി അടച്ചെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഹജ്ജിന് അനുമതി ലഭിക്കുകയുളളൂ.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അവസരം ലഭിച്ചവരില്‍ മിക്കവരും ഉംറ നിര്‍വഹിച്ചവരാണ്. ഇതോടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഈവര്‍ഷം യാത്രാ ചെലവില്‍ വന്‍വര്‍ധവുണ്ടാകും. ഗ്രീന്‍ വിഭാഗക്കാര്‍ക്ക് 2,56,350 രൂപയും അസീസിയയില്‍ 2,22,200 രൂപയുമാണ് മൊത്തം ചെലവ് പ്രതീക്ഷിച്ചിരുന്നത്.
ഇതിന് പുറമെയാണ് 35,202 രൂപ അധികം നല്‍കേണ്ടത്. ഇതോടെ ഗ്രീന്‍കാറ്റഗറിയിലുള്ളവര്‍ 2,91,552 രൂപയും അസീസിയയിലുള്ളവര്‍ 2,57,402 രൂപയും അടക്കേണ്ടിവരും.
കഴിഞ്ഞവര്‍ഷം കേരളത്തിലെ ഹജ്ജ് തുക ഗ്രീന്‍ വിഭാഗത്തില്‍ 2,35,150 രൂപയും അസീസിയയില്‍ 2,01,750 രൂപയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."