ജല അതോറിറ്റിയുടെ കുപ്പിവെള്ളം വിപണിയിലെത്തും
തിരുവനന്തപുരം: സര്‍ക്കാരിന്റെ ശക്തമായ നിലപാടിനെ തുടര്‍ന്ന് ജല അതോറിറ്റി പുറത്തിറക്കാന്‍ തീരുമാനിച്ച കുപ്പിവെള്ളം വിപണിയിലെത്തും. അരുവിക്കരയില്‍ കുപ്പിവെള്ളം നിര്‍മാണത്തിനായി വിദേശത്തുനിന്ന് പ്ലാന്റ് ഉള്‍പ്പെടെ ഇറക്കുമതി ചെയ്ത് വ്യാവസായികാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം അവസാന ഘട്ടത്തിലെത്തിയെങ്കിലും പദ്ധതി ഉപേക്ഷിക്കണമെന്ന നിര്‍ദേശമുണ്ടായതോടെ അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് പദ്ധതി വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു. സ്വകാര്യമേഖലയില്‍ നൂറിലധികം കമ്പനികളുള്ളപ്പോള്‍ വിപണിയില്‍ വെല്ലുവിളി നേരിടേണ്ടിവരുമെന്ന ന്യായം പറഞ്ഞാണ് കുപ്പിവെള്ളത്തിനായി സമയം കളയേണ്ട എന്ന് നിര്‍ദേശിച്ച് ജല അതോറിറ്റി എം.ഡി ഷൈനാമോള്‍ക്ക് ടോം ജോസ് കത്തയച്ചത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സര്‍ക്കാര്‍ നിലപാട് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് വ്യക്തമാക്കിയതോടെ ടോം ജോസ് ഒറ്റപ്പെടുകയായിരുന്നു.
തുടര്‍ന്ന് ജല അതോറിറ്റി ബോര്‍ഡ് യോഗത്തില്‍ ടോം ജോസ് തന്റെ നിലപാട് തിരുത്തി വിശദീകരിച്ചു. വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കുടിവെള്ള വിതരണത്തിന് പ്രധാന്യം കൊടുക്കണമെന്നാണ് പറഞ്ഞെതെന്നും വ്യക്തമാക്കി മുന്‍ നിലപാടില്‍ നിന്ന് അദ്ദേഹം പിന്നോട്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുപ്പിവെള്ള പ്ലാന്റ് എത്രയും വേഗം തുറക്കണമെന്ന് ജല അതോറിറ്റി ബോര്‍ഡ് യോഗം തീരുമാനമെടുക്കുകയും ചെയ്തു. കുപ്പിവെള്ളത്തിനായി സമയം കളയേണ്ട എന്ന് നിര്‍ദേശിച്ച് താനെഴുതിയ കത്ത് പുറത്തുവന്നതിലെ അതൃപ്തി ഷൈനാമോളോട് ടോം ജോസ് പ്രകടിപ്പിച്ചതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."