റെന്റ് എ കാര്‍ സ്വദേശിവല്‍ക്കരണം; പരിശോധന ശക്തമാക്കി
ജിദ്ദ: റെന്റ് എ കാര്‍ മേഖലയില്‍ നടപ്പാക്കിയ സ്വദേശിവല്‍ക്കരണം ഉറപ്പുവരുത്താന്‍ തൊഴില്‍ മന്ത്രാലയം പരിശോധന ശക്തമാക്കി. രാജ്യത്തുടനീളം ഏഴായിരത്തോളം പരിശോധനകളാണ് പൂര്‍ത്തിയായത്. 12 മേഖലകളില്‍ പുതുതായി പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
സഊദിയില്‍ കഴിഞ്ഞ റജബ് ഒന്നു മുതലാണ് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരമുണ്ടാക്കാന്‍ റെന്റ് എ കാര്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ തുടങ്ങിയത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളുടെ എണ്ണം 7868 കവിഞ്ഞു. പൊതുഗതാഗത അതോറിറ്റിയും ബന്ധപ്പെട്ട മറ്റു വകുപ്പുകളുമായും സഹകരിച്ച് ഒരു മാസത്തിനിടയിലാണ് ഇത്രയും പരിശോധനകള്‍ നടത്തിയത്. 7112 സ്ഥാപനങ്ങള്‍ തീരുമാനം പാലിച്ചതായും 283 എണ്ണം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
473 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും 265 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അതേസമയം, അടുത്തിടെ പ്രഖ്യാപിച്ച 12ഓളം തൊഴിലുകളിലെ സ്വദേശിവല്‍ക്കരണ നടപടികള്‍ സംബന്ധിച്ച് തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസിന്റെ സാന്നിധ്യത്തില്‍ യോഗംചേര്‍ന്നു. സ്വദേശിവല്‍ക്കരണവും തൊഴില്‍ പരിശീലന പരിപാടികളും ഊര്‍ജിതമാക്കുന്നതിനുള്ള വിവിധ പരിപാടികള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."