റോമയെ നിലംപരിശാക്കി മിസ്‌റിലെ രാജന്‍
ലിവര്‍പൂള്‍: മിസ്‌റിലെ (ഈജിപ്ത്) പ്രശസ്തനായ രാജാവായിരുന്ന അസീസിന് ശേഷം മിസ്‌റില്‍ നിന്നെത്തിയ മറ്റൊരു രാജാവായിരുന്നു ചാംപ്യന്‍സ് ലീഗ് ആദ്യ സെമിഫൈനലിലെ താരം. ലിവര്‍പൂള്‍ സ്‌ട്രൈക്കറും ഈജിപ്ഷ്യന്‍ താരവുമായ മുഹമ്മദ് സലാഹിന്റെ മിടുക്കില്‍ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ റോമയെ തകര്‍ത്ത് വിട്ടത്. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ റോമക്ക് മേല്‍ ആധികാരികമായിട്ടായിരുന്നു ലിവര്‍പൂളിന്റെ ജയം.
കളിയുടെ തുടക്കം മുതല്‍ തന്നെ റോമന്‍ ഗോള്‍ മുഖത്ത് സലാഹിന്റെയും മാനെയുടെയും തേരോട്ടം തുടങ്ങിയിരുന്നു. ആദ്യ പകുതിയില്‍ മാനെക്ക് ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 35-ാം മിനുട്ടില്‍ ഫെര്‍മീന്യോ നല്‍കിയ പന്തുമായി റോമയുടെ ബോക്‌സിന്റെ ഇടതുമൂലയിലെത്തിയ സലാഹിന്റെ കൃത്യമായ പ്ലേസിങ്ങിലൂടെ പന്ത് റോമന്‍ പോസ്റ്റിന്റെ വലതുമൂലയിലെത്തി. സ്‌കോര്‍ 1-0. ഗോളിന് ശേഷവും ഫെര്‍മീന്യോയും സലാഹും റോമന്‍ ഗോള്‍ മുഖത്ത് നിരന്തര ആക്രമണം നടത്തി.
ആദ്യ പകുതിയില്‍ അധികം ലഭിച്ച സമയത്ത് ഡി ബോക്‌സിന്റെ മുന്നില്‍ നിന്ന് ലഭിച്ച പന്ത് ചിപ്പിങ്ങിലൂടെ പോസ്റ്റിലെത്തിച്ചതോടെ ലിവര്‍പൂളിന്റെ രണ്ടമത്തെ ഗോളും ചാംപ്യന്‍സ് ലീഗിലെ സലാഹിന്റെ പത്താമത്തെ ഗോളും പിറന്നു. ഗോള്‍ ആഘോഷിക്കാതെ ഞാനൊന്നുമറിഞ്ഞില്ലേ, അറിയാതെ സംഭവിച്ചതാണെന്ന മട്ടില്‍ സലാഹ് ഇരു കൈകളും മുകളിലേക്കുയര്‍ത്തി ആന്‍ഫീല്‍ഡിലെ ആയിരങ്ങള്‍ക്ക് മുമ്പില്‍ കീഴടങ്ങിയതായി കാണിച്ചു.
56-ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി സലാഹ് റോമന്‍ ബോക്‌സിലേക്ക് ഓടിക്കയറി ബോക്‌സിലുണ്ടായിരുന്നു മാനെക്ക് പാസ് നല്‍കി. പന്ത് കിട്ടിയ മാനെ ഒറ്റ ടച്ചിലൂടെ പന്ത് വലയിലെത്തിച്ചതോടെ റോമക്ക് മേല്‍ ലിവര്‍പൂള്‍ മൂന്നമത്തെ പ്രഹരവും ഏറ്റു. റോമന്‍ താരങ്ങള്‍ ഒറ്റപ്പെട്ട സമയത്ത് മാത്രം ലിവര്‍പൂള്‍ ഗോള്‍മുഖത്ത് അപകടം വിതച്ചു. ലിവര്‍പൂളിന്റെ നിരന്തരമുള്ള ആക്രമണം കാരണം റോമന്‍ പ്രതിരോധം ശരിക്കും വിയര്‍ത്തു. 61-ാം മിനുട്ടില്‍ വീണ്ടും പന്തുമായി ബോക്‌സിലെത്തിയ സലാഹ് ഫെര്‍മിന്യോക്ക് കൃത്യമായി പാസ് നല്‍കി.
സുന്ദരമായി ലഭിച്ച പാസ് ഒറ്റസ്പര്‍ശത്തില്‍ തന്നെ ഫെര്‍മീന്യോ വലക്കുള്ളിലാക്കി. ലിവര്‍പൂളിന് നാലു ഗോളിന്റെ ലീഡ്. അപകടം മണത്ത റോമന്‍ പരിശീലകന്‍ റോമന്‍ പ്രതിരോധ താരങ്ങളായ ഡി റോസിയേയും യുവാന്‍ ജീസസിനെയും പിന്‍വലിച്ചു പ്രതിരോധം ഒന്നുകൂടി ശക്തിപ്പെടുത്താന്‍ നോക്കി. പക്ഷെ എന്നിട്ടും ലിവര്‍പൂളിന്റെ തേരോട്ടത്തിന് ശമനമായില്ല. തൊട്ടടുത്ത മിനുട്ടില്‍ വീണ്ടും ലിവര്‍പൂളിന്റെ ഗോള്‍ വന്നു. ഇത്തവണ വീണ്ടും ഫെര്‍മീന്യോയുടെ വകയായിരുന്നു ഗോള്‍.
80മിനുട്ട് വരെ ലിവര്‍പൂള്‍ റോമന്‍ സാമ്രാജ്യത്തില്‍ കയറി നിരന്തരം അക്രമം അഴിച്ചു വിട്ടുകൊണ്ടേയിരുന്നു. 81-ാം മിനുട്ടില്‍ റോമന്‍ താരം എഡിന്‍ സീക്കോയുടെ ഗോള്‍ വന്നതോടെ റോമന്‍ താരങ്ങള്‍ക്ക് ജീവശ്വാസം വീണു. പിന്നീട് ലിവര്‍പൂള്‍ കളത്തിലും റോമന്‍ ആധിപത്യമായിരുന്നു. 85-ാം മിനുട്ടില്‍ റോമക്കനുകൂലമായി റഫറിയുടെ പെനാല്‍റ്റി വിസില്‍ വന്നതോടെ റോമക്ക് വീണ്ടും പുതുജീവന്‍ ലഭിച്ചു.
കിക്കെടുത്ത ഡി പെറോട്ടി പന്ത് വലയിലെത്തിച്ചതോടെ റോമക്ക് രണ്ട് ഗോള്‍ തിരിച്ചടിക്കാനായി. റോമന്‍ താരങ്ങള്‍ ഉണര്‍ന്ന് കഴിഞ്ഞപ്പോഴേക്കും റഫറിയുടെ ഫൈനല്‍ വിസില്‍ വന്നു. രണ്ടിനെതിരേ അഞ്ചു ഗോളിന്റെ ആധികാരിക വിജയവുമായി ലിവര്‍പൂള്‍ താരങ്ങള്‍ കളം വിട്ടു. മെയ് മൂന്നിനാണ് ലിവര്‍പൂളും റോമയും തമ്മിലുള്ള രണ്ടാം പാദ മത്സരം. ആദ്യ മത്സരത്തില്‍ തോറ്റെന്ന് വിചാരിച്ച് റോമയെ എഴുതിത്തള്ളാന്‍ ഫുട്‌ബോള്‍ ലോകം തയ്യാറായിട്ടില്ല.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബാഴ്‌സലോണയോട് 4-1ന് പരാജയപ്പെട്ട് രണ്ടാം പാദമത്സരത്തില്‍ 3-0 വിജയവുമായിട്ടാണ് റോമ സെമിഫൈനലിലെത്തുന്നത്. എന്തായാലും അടുത്ത മത്സരംവരെ കാത്തിരുന്ന് കാണാം ഇരു ടീമുകളുടെയും ഭാവി.
സലാഹിന് മക്കയില്‍ ഭൂമി നല്‍കും
പി. എഫ്. എ പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ച ഈജിപ്ഷന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലാഹിന് മക്കയില്‍ ഭൂമി നല്‍കുമെന്ന് മക്ക നഗരസഭ വൈസ്പ്രസിഡന്റ് ഫഹദ് അല്‍ റൗക്കി. സഊദി ഭരണകൂടത്തിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ഹറമിന് സമീപത്ത് താരത്തിന് ഭൂമി നല്‍കും.
അല്ലെങ്കില്‍ സലാഹിന്റെ പേരില്‍ സഊദിയില്‍ പള്ളി നിര്‍മിക്കാനും ശ്രമം നടത്തുമെന്നുമാണ് മൈ സലാം എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് അല്‍ റൗക്കി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."