മത്സ്യത്തൊഴിലാളി ഭവനപദ്ധതി: വിലനിര്‍ണയം അന്തിമ ഘട്ടത്തിലേക്ക്
മലപ്പുറം: ഭൂരഹിതരായ തീരദേശ മത്സ്യത്തൊഴിലാളികള്‍ക്കു ഭൂമി വാങ്ങല്‍, തീരദേശ വേലിയേറ്റ രേഖയില്‍നിന്ന്് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കല്‍ എന്നീ പദ്ധതികള്‍ക്കു കീഴില്‍ ഭൂമി ഏറ്റെടുത്തു നല്‍കുന്ന പദ്ധതി അവസാന ഘട്ടത്തിലേക്കു കടന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി യോഗത്തില്‍ നാലു ഭൂവുടമകള്‍ പങ്കെടുത്തു.
ഇതില്‍ രണ്ടു പേര്‍ നിശ്ചിത വിലയില്‍ സ്ഥലം കൈമാറാന്‍ തയാറായി സമ്മതപത്രം ഒപ്പിട്ടുനല്‍കി. രണ്ടു പേര്‍ കുറച്ചു സമയംകൂടി ആവശ്യപ്പെടുകയായിരുന്നു. പൊന്നാനി നഗരം, പെരുമ്പടപ്പ് വില്ലേജുകളിലെ സ്ഥലങ്ങള്‍ സംബന്ധിച്ചാണ് ഇന്നലെ ധാരണയായത്. രണ്ടു പദ്ധതികളിലായി പൊന്നാനി, തിരൂര്‍ താലൂക്കുകളിലെ 83 പേര്‍ക്കാണ് ഭൂമി നല്‍കി വീട് നിര്‍മിക്കാനാവശ്യമായ സഹായം നല്‍കുന്നത്. ഇതുവരെ 28 ഗുണഭോക്താക്കള്‍ക്കു ഭൂമിയുടെ വിലയില്‍ തീരുമാനമായി. ഈ സ്ഥലമുടമകള്‍ കലക്ടര്‍ മുന്‍പാകെ സമ്മതപത്രം ഒപ്പിട്ടുനല്‍കി.
തീരദേശത്ത് രജിസ്‌ട്രേഡ് പാസ്ബുക്കുള്ള മത്സ്യത്തൊഴിലാളികള്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതി ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളില്‍നിന്ന് അപേക്ഷ ക്ഷണിച്ച ശേഷം മത്സ്യഭവന്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയാണ് ലിസ്റ്റ് തയാറാക്കിയത്. സ്ഥലമെടുപ്പും വീട് നിര്‍മാണവുമുള്‍പ്പെടെ പരമാവധി 10 ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് അനുവദിക്കുക.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എ. ജയശങ്കര്‍ പ്രസാദ്, ഫിനാന്‍സ് ഓഫിസര്‍ എന്‍. സന്തോഷ് കുമാര്‍, പൊന്നാനി തഹസില്‍ദാര്‍ ജി. നിര്‍മ്മല്‍ കുമാര്‍, തിരൂര്‍ തഹസില്‍ദാര്‍ വര്‍ഗീസ് മഗലം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ജയനാരായണന്‍, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഒ അംജദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."