എ.ടി.എം കുട്ടി മൗലവി: വിടപറഞ്ഞത് അധ്യാപന മനഃശാസ്ത്രമറിഞ്ഞ പ്രതിഭ
പരപ്പനങ്ങാടി: മദ്റസാധ്യാപന രംഗത്ത് ആയിരക്കണക്കിനു മുഅല്ലിംകള്‍ക്കു പരിശീലനം നല്കിയ ഗുരുവര്യനായിരുന്നു ഇന്നലെ അന്തരിച്ച സമസ്തയുടെ ട്യൂട്ടര്‍ എ.ടി.എം കുട്ടി മൗലവി. അക്കാദമിക് പരിശീലന ക്ലാസുകളിലൂടെ വിസ്മയം സൃഷ്ടിച്ച പ്രതിഭയായിരുന്നു അദ്ദേഹം.
സമസ്ത കേരളാ ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് മദ്റസകളിലെ അധ്യാപകര്‍ക്കു നാല്പത് നാള് നീണ്ടുനില്‍ക്കുന്ന ട്രെയിനിങ് കോഴ്സിനു ദീര്‍ഘനാള്‍ നേതൃത്വം നല്കി. മദ്റസാധ്യാപനത്തോടൊപ്പം 1977ലാണ് ട്യൂട്ടറായി അദ്ദേഹം സമസ്താലയത്തില്‍ സ്ഥിരം സ്റ്റാഫായി ചേര്‍ന്നത്. ഇടയ്ക്കു കണ്ണൂര്‍ ജില്ലയിലും ജോലി ചെയ്തു. റീജ്യണല്‍ മുഫത്തിശായിരിക്കെ മൂന്നു വര്‍ഷം മുന്‍പാണ് വിരമിച്ചത്.
വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാരുടെ അഭ്യര്‍ഥനപ്രകാരം സമസ്താലയത്തില്‍ തുടര്‍ന്നും ജോലിക്കെത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സമസ്ത പൊതുപരീക്ഷ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപ് ഉള്‍പ്പെടെ ചിട്ടയായി ക്രമീകരിച്ചിരുന്നത്. പാഠപുസ്തക രചനാ സമിതി അംഗം, ജംഇയ്യത്തുല്‍ മുഫത്തിശീന് ജനറല്‍ സെക്രട്ടറി, ക്ഷേമനിധി ചെര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
മരിക്കുന്നതിനു തലേന്നാള്‍ വൈകിട്ട് ഓഫിസിലെ സഹപ്രവര്‍ത്തകരോടെല്ലാം തന്റെ മുഴുവന്‍ ബാധ്യതകളും പൂര്‍ത്തിയായതായി സന്തോഷം പങ്കുവച്ചാണ് മടങ്ങിയത്. ഇന്നലെ രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രദേശത്തു സമസ്തയുടെയും മതസ്ഥാപനങ്ങളുടെയും പുരോഗതിക്കായി സേവനമ ചെയ്തു. നിര്യാണവാര്ത്തയറിഞ്ഞു നിരവധി പേരാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
വൈകിട്ട് നാലിന് ഉള്ളണം ലത്വീഫിയ്യ മദ്റസാ മുറ്റത്തു പൊതുദര്‍ശനത്തിനു വച്ച ശേഷം അഞ്ചിന് ഉള്ളണം കോട്ടായി ജുമാമസ്ജിദില്‍ മയ്യിത്ത് നിസ്കാരം നടന്നു. എം.ടി അബ്ദുല്ല മുസ്ലിയാര് നേതൃത്വം നല്കി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഉമര്‍ ഫൈസി മുക്കം, പി.കെ അബ്ദുര്‍റബ്ബ് എം.എല്‍.എ, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, സയ്യിദ് പി.എസ്.എച്ച് തങ്ങള്‍, സയ്യിദ് കെ.എന്‍.സി തങ്ങള്‍, സയ്യിദ് ഹുസൈന് തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഫഖ്റൂദ്ദീന്‍ ഹസനി തങ്ങള്‍, കെ.പി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര് ഉഗ്രപുരം, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, പുറങ്ങ് മൊയ്തീന് മുസ്ലിയാര് തുടങ്ങി നിരവധി പേര് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."