പേരാമ്പ്ര ഫെസ്റ്റ് - മാലിന്യം നിറഞ്ഞ് ജില്ലാ സീഡ് ഫാമിന്റെ നെല്‍വയല്‍
സ്വന്തം ലേഖകന്‍
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം വികസന മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പേരാമ്പ്ര ഫെസ്റ്റ് അവസാനിച്ചിട്ട് രണ്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും മൈതാനമായിരുന്ന ജില്ലാ സീഡ് ഫാമിന്റെ നെല്‍വയലില്‍ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുന്നു. സീറോവേസ്റ്റ് ഫെസ്റ്റ് എന്നാണ് സംഘാടകര്‍ മേളയെ വിശേഷിപ്പിച്ചത്.
ഒരു മിഠായി കടലാസ് നിലത്തു വീണാല്‍ ആ സെക്കന്റില്‍ അത് എടുത്തു കളയാനുള്ള തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്നും അതിനായി കോഴിക്കോടുള്ള ഒരു പ്രമുഖ സംഘടനയെ ചുമതലപ്പെടുത്തിയതായും അന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍ മേള കഴിഞ്ഞ് മൈതാനം കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്. വെള്ളകുപ്പികളും മദ്യകുപ്പികളും പ്ലാസ്റ്റികും കക്കൂസ് മാലിന്യവും വയലില്‍ യഥേഷ്ടമുണ്ട്. ചെറിയചെറിയ പ്ലാസ്റ്റിക് തുണ്ടുകള്‍ വയലില്‍ ചിതറിക്കിടക്കുന്നത് പെറുക്കി മാറ്റുക പ്രയാസകരമാണെന്ന് അധികൃതര്‍ അറിയിച്ചു.
മൈതാനത്തോട് ചേര്‍ന്നുകിടക്കുന്ന മത്സ്യം വളര്‍ത്തലിനായി നവീകരിച്ച കുളത്തില്‍ നിറയേ കുപ്പികളും. മൈതാനിയാക്കിയ വയലില്‍ കക്കൂസിനും മറ്റുമായി നിര്‍മിച്ച കുഴികളില്‍ കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ മഴ വെള്ളത്തില്‍ കെട്ടി കിടന്ന് വയലാകെ മലീമസമായി. ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് വിത്തുല്‍പാദന കേന്ദ്രത്തിന്റെ ബി ബ്ലോക്കിലെ രണ്ട് ഹെക്ടറോളം നെല്‍വയലാണ് ഫെസ്റ്റ് നടത്തുന്നതിനായി ഏറ്റുവാങ്ങിയത്.
മകരകൊയ്ത്ത് കഴിഞ്ഞാല്‍ സാധാരണയായി ഇവിടെ ഇടവിള കൃഷിയായി പയര്‍കൃഷി ചെയ്യാറുണ്ട്. ഇത്തവണ ജലസേചന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കൃഷിയിറക്കിയിരുന്നില്ല. ജില്ലാപഞ്ചായത്തില്‍ നിന്ന് അറിയിപ്പ് വന്നപ്പോള്‍ കൃഷി വയല്‍ വിട്ടുനല്‍കുന്നതിലെ ആശങ്ക അധികൃതര്‍ അറിയിച്ചിരുന്നു. ജില്ലാപഞ്ചായത്ത് സ്ന്റാന്റിങ് കമ്മിറ്റിയും സ്റ്റിയറിങ് കമ്മിറ്റിയും ചേര്‍ന്നാണ് തീരുമാനമെടുത്തത്.
മുകളില്‍ നിന്നുള്ള നിര്‍ബന്ധത്തിന് വഴങ്ങി മനസില്ലാ മനസോടെ ഫാം അധികൃതര്‍ സമ്മതം നല്‍കിയത് വയലിനെ പൂര്‍വസ്ഥിതിയില്‍ തിരിച്ചേല്‍പ്പിക്കുമെന്ന ഉറപ്പ് വിശ്വസിച്ചാണ്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പന്തല്‍ പോലും പൊളിച്ചുനീക്കിക്കഴിഞ്ഞില്ല.
ആറ് ദിസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിലെന്ന പോലെ നിര്‍മിച്ച പന്തലുകളും പവലിയനുകളും മറ്റ് സൗകര്യങ്ങളും ഒരുക്കിയ സംഘാടകരും കരാറുകാരും കൃഷിയിടം പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുന്നത് ഒന്നാംവിള കൃഷിയിറക്കേണ്ട ഫാം അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
കൃഷി ഭൂമി പൂര്‍വസ്ഥിതിയിലാക്കുന്നതിന് വേണ്ടി അധികൃതര്‍ നിരന്തരം ജില്ലാപഞ്ചായത്തുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണിപ്പോഴും. വയലില്‍ തീര്‍ത്ത വന്‍കുഴികളുള്ള സ്ഥലങ്ങളില്‍ ട്രാക്ടര്‍ ഉപയോഗിച്ച് നിലമുഴുതാനും മറ്റ് പ്രവൃത്തികള്‍ നടത്താനും ബുദ്ധിമുട്ടാവുമെന്നും വയലില്‍ പൊട്ടിയ കുപ്പികളുടെ അവശിഷ്ടങ്ങള്‍ തൊഴിലാളികള്‍ക്ക് അപകടമുണ്ടാക്കുമെന്നുള്ള ആശങ്കയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."