പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന് വിജ്ഞാപനമായി
ഒളവണ്ണ: പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. പെരുമണ്ണ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ഒളവണ്ണ പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ ആറു വാര്‍ഡുകള്‍ ഒഴികെ മുഴുവന്‍ വാര്‍ഡുകളും പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുമെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. ഒളവണ്ണ വില്ലേജില്‍ ഉള്‍പ്പെടുന്നതും ഒളവണ്ണ പഞ്ചായത്തിലെ വാര്‍ഡുകളായ കൊടിനാട്ട് മുക്ക് (വാര്‍ഡ് 13), ഒളവണ്ണ (വാര്‍ഡ് 15), തൊണ്ടിലക്കടവ് (വാര്‍ഡ് 16), കയറ്റി (വാര്‍ഡ് 17), ഒടുമ്പ്ര (വാര്‍ഡ് 18), കമ്പിളിപറമ്പ് (വാര്‍ഡ് 19) എന്നിങ്ങനെ ആറു വാര്‍ഡുകള്‍ നല്ലളം പൊലിസ് സ്റ്റേഷന് പരിധിയില്‍ തന്നെ തുടരും. നിലവില്‍ പൂവാട്ടുപറമ്പ് അങ്ങാടിക്ക് പിന്‍വശത്തുകൂടെ ഒഴുകുന്ന മാമ്പുഴതോട് മുതല്‍ പെരുമണ്ണ വില്ലേജ് പരിധിയും പന്തീരാങ്കാവ്, ഒളവണ്ണ വില്ലേജ് പരിധി കളും നല്ലളം പൊലിസ് സ്റ്റേഷന് പരിധിയിലായിരുന്നു.
പന്തീരാങ്കാവില്‍ പൊലിസ് സ്റ്റേഷന് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1980ല്‍ ഇ.കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് പന്തീരാങ്കാവില്‍ സ്റ്റേഷന് നിര്‍ദ്ദേശം വന്നിരുന്നെങ്കിലും നല്ലളം സ്റ്റേഷന് പരിധിയിലായിരുന്ന ബേപ്പൂരില്‍ സംഘര്‍ഷങ്ങളും മറ്റും ഉണ്ടായതിനെ തുടര്‍ന്ന് ബേപ്പൂരില്‍ സ്റ്റേഷന് അനുവദിക്കുകയായിരുന്നു.
ദേശീയപാത 66 അറപ്പുഴ പാലത്തിന് സമീപത്തുള്ള കക്കോറയിലെ റവന്യു ഭൂമിയിലാണ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കാന്‍ ആഭ്യന്തര വകുപ്പ് ഉദ്ദേശിക്കുന്നത്. സ്ഥിരമായ സംവിധാനം വരുന്നത് വരെ ഒളവണ്ണ പഞ്ചായത്തിന്റെ കൈവശത്തിലുള്ള പറപ്പാറ കുന്നിലെ കെട്ടിടത്തില്‍ സ്റ്റേഷന് പ്രവര്‍ത്തിച്ചു തുടങ്ങും. കെട്ടിടം നിര്‍മിക്കാനുള്ള ഭൂമിയും താല്‍ക്കാലികമായി സ്റ്റേഷന് പ്രവര്‍ത്തിക്കാനുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളും സംബന്ധിച്ചുള്ള പരിശോധന പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."