കാലാവസ്ഥ വ്യതിയാനം; യാത്ര നിഷേധിച്ച ഉരുക്കള്‍ ദ്വീപിലേക്ക് തിരിച്ചു
ഫഫറോക്ക്: കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് യാത്രാനുമതി നിഷേധിക്കപ്പെട്ട് ബേപ്പൂരില്‍ കുടുങ്ങിയിരുന്ന ഉരുക്കള്‍ ലക്ഷദ്വീപിലേക്ക് യാത്രതിരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ദ്വീപിലേക്കുള്ള യന്ത്രവല്‍കൃത ഉരുക്കളുടെ യാത്ര അധികൃതര്‍ തടഞ്ഞത്. കാലവസ്ഥയില്‍ മാറ്റം വന്നതിനാല്‍ ഉരുക്കള്‍ക്ക് ദീപിലേക്ക് പോകാനുളള ക്ലിയറന്‍സ് ചൊവ്വാഴ്ച വൈകിട്ടു തന്നെ നല്‍കിയിരുന്നു. രണ്ടു ദിവസമായി ബേപ്പൂര്‍ തുറമുഖത്ത് ചരക്കു കയറ്റി കെട്ടികിടന്നിരുന്ന മുഴുവന്‍ ഉരുക്കളും ഇന്നലെ തന്നെ ദ്വീപിലേക്ക് തിരിച്ചു.
കഴിഞ്ഞദിവസങ്ങളിലായി ലക്ഷദ്വീപിലെ തീരക്കടലുകളില്‍ ശക്തമായ കാറ്റുണ്ടായിരുന്നു. കൂടാതെ വന്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് യന്ത്രവല്‍കൃത വെസലുകള്‍ക്ക് യാത്രാനുമതി അധികൃതര്‍ നിഷേധിച്ചത്. ഇതുമൂലം ചരക്കു കയറ്റിയ പത്തോളം ഉരുക്കളാണ് ദ്വീപിലേക്ക് പുറപ്പെടാനാകാതെ ബേപ്പൂരില്‍ കുടുങ്ങിയിരുന്നത്. ഇവയാണ് ഇന്നലെ മുതല്‍ വീണ്ടും തിരിച്ചുപോക്ക് തുടങ്ങിയത്.
ദ്വീപിലേക്ക് പ്രധാനമായും ചരക്കുനീക്കം നടത്തുന്നത് ബേപ്പൂര്‍ തുറമുഖം വഴിയാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം മുതല്‍ വരെ ഇവിടെ നിന്നാണ് ദ്വീപിലേക്ക് കൊണ്ടുപോകുന്നത്. പലചരക്ക്, പഴം, പച്ചക്കറി, സ്റ്റേഷനറി, പെട്രോള്‍, ഡീസല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കമ്പി, സിമന്റ്, മണല്‍, ഓട്, ഇഷ്ടിക, റൂഫിങ് മെറ്റീരിയലുകള്‍ എന്നിവയെല്ലാം ബേപ്പൂര്‍ തുറമുഖം വഴി ഉരുവിലാണ് കയറ്റി കൊണ്ടുപോവുന്നത്. ദ്വീപില്‍നിന്നുളള നാളികേരവും മറ്റും ബേപ്പൂര്‍ വഴിയാണ് കേരളത്തിലുമെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."