മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ച് മരണത്തിലും യഥാര്‍ഥ സൈനികനായി ബേബി
പുല്‍പ്പള്ളി: അച്ഛനും രണ്ടു മക്കളും അവധിയാഘോഷത്തിനെത്തിയ മൂന്ന് ബന്ധുക്കളും ചേര്‍ന്ന് നടത്തിയ വിനോദയാത്ര മരണത്തിലേക്ക് കൈപിടിച്ചുള്ള നടത്തമായി. കബനിനദിയില്‍ മുങ്ങി മരിച്ച കബനിഗിരി ചക്കാലയ്ക്കല്‍ ബേബിയും മക്കളായ അജിത്തും ആനിയും കൈപിടിച്ച് കബനിയുടെ ആഴങ്ങളിലേക്ക് മുങ്ങുമ്പോള്‍ അനാഥമായത് ഒരു കുടുംബവും ബേബിയുടെ ഭാര്യ ലിസിയുമാണ്. പ്രിന്റിങ് ടെക്‌നോളജി പഠനം പൂര്‍ത്തിയാക്കിയ അജിത് മെയ് ഒന്നിന് കോഴിക്കോട്ട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് കയറുവാന്‍ ഇരിക്കവെയാണ് മരണം കവര്‍ന്നത്. സഹോദരി ആനി ഈങ്ങാപ്പുഴ ലിഷാം കോളജില്‍ രണ്ടാം വര്‍ഷം സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. മിലിട്ടറിയില്‍ സേവനമനുഷ്ഠിച്ചശേഷം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബേബി റിട്ടയര്‍ ചെയ്തത്. ഇതിനു ശേഷം ബാങ്ക് ടെസ്റ്റ് എഴുതി വിജയിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ മാനന്തവാടി ശാഖയില്‍ ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ വര്‍ഷം ബാങ്ക് ലയനമുണ്ടായപ്പോള്‍ വൊളണ്ടറി റിട്ടയര്‍മെന്റെടുത്ത് വീട്ടില്‍ കൃഷിയും മറ്റുമായി കഴിഞ്ഞു കൂടുകയായിരുന്നു. ബന്ധുക്കളായ കുട്ടികള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവധിക്കാലം ആഘോഷിക്കുന്നതിനായി ബേബിയുടെ വീട്ടില്‍ എത്തിയത്. കുട്ടികളെയും കൂട്ടി ഇന്നലെ രണ്ടു മണിയോടെയാണ് ബേബിയുടെ കാറില്‍ ഇവര്‍ കബനി കാണുവാന്‍ പോയത്. ബേബിയ്ക്കും മക്കള്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നു. എന്നാല്‍ ബന്ധുക്കളായ കുട്ടികള്‍ക്ക് നീന്തല്‍ വശമില്ലാത്തതിനാല്‍ നദിയുടെ തീരത്തോടടുത്തായിരുന്നു കുളിക്കാനിറങ്ങിയത്. എന്നാല്‍ മണല്‍ വാരല്‍മൂലം നദിയുടെ തീരങ്ങളോട് ചേര്‍ന്ന് വന്‍ കുഴികള്‍ ഈ ഭാഗങ്ങളിലുണ്ട്. ഇത്തരം കുഴികളില്‍പ്പെട്ട് ബന്ധുക്കളായ കുട്ടികള്‍ മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബേബിയുടെ മക്കള്‍ നദിയിലെ ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. തന്റെയും മക്കളുടെയും ജീവന്‍ അവഗണിച്ച് മറ്റുള്ളവരെ രക്ഷിച്ച ബേബി മരണത്തിലും യഥാര്‍ഥ പട്ടാളക്കാരനായി മാതൃകയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."