വടക്കനാട് വന്യമൃഗശല്യം; പദ്ധതിയുടെ അന്തിമ രൂപരേഖ സമര്‍പ്പിച്ചു
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് മേഖലയിലെ വന്യമൃഗശല്യം തടയുന്നതുമായി ബന്ധപെട്ടുള്ള പദ്ധതിയുടെ അന്തിമ രൂപരേഖ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡണ്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പി.സി.സി.എഫിനും സര്‍ക്കാറിനും സമര്‍പ്പിക്കും. കാടും നാടും വേര്‍തിരിക്കുന്നതിന് വനം വകുപ്പ് തയാറാക്കിയ 55 കോടി രൂപ ചെലവുവരുന്ന വിശദമായ പദ്ധതിരേഖയാണ് ഇന്നലെ സമര്‍പ്പിച്ചത്.
വയനാട് വന്യജീവിസങ്കേതത്താല്‍ ചുറ്റപ്പെട്ട വടക്കനാട് ഗ്രാമത്തിനു ചുറ്റും 34.4 കിലോമീറ്റര്‍ ദുരത്തിലാണ് പ്രതിരോധ മതിലുകള്‍ തീര്‍ക്കുക. ഇതില്‍ 30 കിലോമീറ്റര്‍ കല്‍മതിലും 4.4 കിലോമീറ്റര്‍ ദൂരത്തില്‍ റെയില്‍ഫെന്‍സിംഗുമാണ് നിര്‍മിക്കുക. കല്‍മതില്‍ നിര്‍മാണത്തിന് ഒരു കിലോമീറ്ററിന് 1.58 കോടി രൂപയും റെയില്‍ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് 1.7 കോടി രൂപയുമാണ് ചെലവുവരുക. ഇതനുസരിച്ച് കല്‍മതിലിന് 47.4 കോടി രൂപയും റെയില്‍ഫെന്‍സിംഗിന് 7.48 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. തറ ഭാഗത്ത് ഒരു മീറ്റര്‍ വീതിയിലും മുകള്‍ ഭാഗത്ത് 50 സെന്റീമീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന മതിലിന് രണ്ട് മീറ്റര്‍ ഉയരമാണുണ്ടാവുക. ഇനി സര്‍ക്കാറില്‍ നിന്നും ഫണ്ട് വരുന്ന മുറയ്ക്ക് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് വനം വകുപ്പ് ലക്ഷ്യം വെക്കുന്നത്.
ഇത് കൂടാതെ അടിയന്തര സുരക്ഷയുടെ ഭാഗമായി വനാതിര്‍ത്തികളിലെ കിടങ്ങുകള്‍ കാര്യക്ഷമമാക്കാനുള്ള പ്രവൃത്തികള്‍ ഊര്‍ജ്ജിതമാക്കായിതായി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍ പറഞ്ഞു. അടുത്ത ദിവസങ്ങളിലായി കാരാറുറപ്പിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് ശ്രമം. 6.5 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപ്പാസ് കിടങ്ങുകള്‍ നിര്‍മിക്കേണ്ടത്. വടക്കനാട് മേഖലയില്‍ 95 ഇടങ്ങളില്‍ ഇത്തരം ബൈപ്പാസ് കിടങ്ങുകള്‍ നിര്‍മിക്കണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഒരു കിലോമീറ്റര്‍ ദൂരം കിടങ്ങ് നിര്‍മിക്കുന്നത് 7 ലക്ഷം രൂപയോളം ചെലവുവരും. ഇത്പ്രകാരം 45.5 ലക്ഷം രൂപയാണ് ബൈപ്പാസ് കിടങ്ങ് നിര്‍മിക്കുന്നതിനുള്ള ചെലവ്. ഈ തുക വനം വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും കണ്ടെത്തും. അന്തിമ രൂപരേഖയായ പദ്ധതിക്കുള്ള ഫണ്ട് സര്‍ക്കാരില്‍ നിന്ന് ലഭിക്കാന്‍ കാലതാമസമെടുക്കുമെന്നതിനാലാണ് കിടങ്ങു നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."