ഉല്ലാസയാത്രക്കെത്തിച്ച ബോട്ടുകള്‍ പഞ്ചായത്ത് കാര്‍ ഷെഡില്‍ നശിക്കുന്നു
പനമരം: ഗ്രാമപഞ്ചായത്തിന് മുന്നിലെ കാര്‍ ഷെഡില്‍ വെള്ളത്തിലിറക്കേണ്ട ബോട്ടുകള്‍ കിടന്ന് നശിക്കുന്നു. ഉല്ലാസ ബോട്ട് കേന്ദ്രത്തിനായി എത്തിച്ച ബോട്ടുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. പനമരത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു മുന്‍ ഭരണസമിതി ഉല്ലാസ ബോട്ട് സവാരിക്കായി ബോട്ടുകള്‍ എത്തിച്ചത്. എന്നല്‍ ബോട്ട് വാങ്ങിയതല്ലാതെ ഇവ വെള്ളത്തിലിറക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാര്‍ ഷെഡില്‍ കൂട്ടിയിട്ട ബോട്ടുകള്‍ തടാകത്തില്‍ മാത്രം ഉപയോഗിക്കുന്നവയാണെന്നും പറയപ്പെടുന്നുണ്ട്. ഇത് പുഴയില്‍ ഇറക്കാന്‍ സാധ്യമല്ലെന്നാണ് വിവരം.
പനമരത്ത് തടാകമില്ലാത്തതിനാല്‍ ബോട്ട് ഉപയോഗപ്രദമാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ആര്യന്നൂര്‍ നടയുടെ ഭാഗത്ത് തടാക നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. അതും പിന്നീട് എങ്ങുമെത്തിയില്ല. ബോട്ടുകള്‍ ലേലം ചെയ്താല്‍ തുക ലഭിക്കുമെങ്കിലും അതിനുള്ള നടപടിയുമുണ്ടാവുന്നില്ല. പദ്ധതി പാളിയതോടെ സര്‍ക്കാറിന്റെ ലക്ഷങ്ങളാണ് ഇപ്പോള്‍ പാഴായിപ്പോവുന്നത്. ബോട്ട്‌ജെട്ടി നിര്‍മിച്ച് പനമരം പുഴയിലൂടെ ഉല്ലാസ യാത്ര ആരംഭിച്ചാല്‍ ടൗണിന്റെ വികസനവും ടൂറിസവും മെച്ചപ്പെടുമെന്ന് മുന്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അതിനായി പാലത്തിനടുത്ത് അഞ്ച് ലക്ഷത്തിലേറെ രൂപ മുടക്കി പ്രത്യേകം പടവുകളോടുകൂടിയ ബോട്ട് ജെട്ടിയും നിര്‍മിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടനത്തിന് മുന്നേ ഇത് തകര്‍ന്നു. കരാറുകാര്‍ പണം പിടുങ്ങിയത് ഏറെ ചര്‍ച്ചാ വിഷയമാവുകയും ചെയ്തു. പുഴയിലേക്ക് ബോട്ട് ഇറക്കുന്നതിനായി തയാറാക്കിയ പടവുകള്‍ ഇന്ന് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായിരിക്കുകയാണ്. ജില്ലയുടെ മധ്യഭാഗമായതിനാല്‍ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് പനമരം വഴിയാണ് സഞ്ചാരികള്‍ കടന്നു പോകുന്നത്.
തലക്കല്‍ ചന്തു സ്മാരകവും ദേശാടന പക്ഷികളുടെ കൊറ്റില്ലവും ഉള്‍പ്പെടുന്ന കബനി നദിക്കരയില്‍ ബോട്ടുജെട്ടി പദ്ധതി കൂടി പ്രാബല്യത്തില്‍ വരുന്നതോടെ സഞ്ചാരികളുടെ വന്‍തിരക്ക് തന്നെ അനുഭവപ്പെടേണ്ടതായിരുന്നു. ഇതിലൂടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും മെച്ചപ്പെട്ട നിലയില്‍ കച്ചവടം ഉണ്ടാകുമായിരുന്നു.
വികസന പ്രവര്‍ത്തങ്ങളിലും ടൂറിസം മേഖലകളിലും പനമരത്തെ ജില്ലയില്‍ തന്നെ മുന്‍പന്തിയില്‍ കൊണ്ടുവരാന്‍ ഉതകുന്ന പദ്ധതിയാണ് ഇപ്പോള്‍ നോക്കുകുത്തിയായി മാറുന്നത്. പദ്ധതി പുനരാരംഭിച്ച് ഉല്ലാസയാത്ര സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."