ലിഗയുടെ മരണം ശ്വാസം മുട്ടിയാണെന്ന് സൂചനകള്‍: പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
കോവളം: വിദേശവനിത ലിഗയുടെ മരണം ശ്വാസം മുട്ടിയാണെന്ന സൂചനകള്‍ പുറത്തുവന്നതോടെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാന്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രദേശ വാസികളായ ഏഴോളം പേരെ ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കാണപ്പെട്ട കോവളം വാഴമുട്ടത്തെ കണ്ടല്‍കാട് പ്രദേശമായ ചെന്തിലാക്കരിയില്‍ ഉല്‍പ്പെടെ പതിവായി എത്തുന്ന ചിലരെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇനിയും കുടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനയനുസരിച്ച് കൊലപാതക സാധ്യത മുന്‍നിര്‍ത്തിയുള്ള അന്വേഷണമാണ് നടക്കുന്നത്. അന്വേഷണം ഊര്‍ജ്ജിതമായതോടെ പ്രദേശവാസികളും മയക്കുമരുന്ന് ഇടപാടുകാരുമായ രണ്ട് യുവാക്കള്‍ പ്രദേശത്ത് നിന്ന് അപ്രത്യക്ഷരായതായും അറിയുന്നു.
ലിഗയുടെ മരണവുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലിസ് അന്വഷിക്കുന്നുണ്ട്. പനത്തുറ കൂനംതുരുത്തിലെ ചെന്തിലാക്കരിയിലേക്കുള്ള വഴിയിലും കടത്തുകടവിന് സമീപത്തുള്ളവരില്‍ നിന്നും കയര്‍ തൊഴിലാളികളില്‍ നിന്നും പൊലിസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ഈ ഭാഗത്ത് ചീട്ടുകളിക്കാനും മറ്റും എത്തിയിരുന്ന ചിലയുവാക്കളെ പൊലിസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും ശ്വാസംമുട്ടിയാണ് ലിഗ മരിച്ചതെന്ന റിപ്പോര്‍ട്ടിലെ സൂചന പുറത്തായതോടെ ഇവരെയും മൃതദേഹം കണ്ട വിവരം അറിയിച്ച മീന്‍പിടിക്കാനെത്തിയ യുവാക്കളെയും പൊലിസ് വീണ്ടും ചോദ്യം ചെയ്‌തേക്കും.
ലിഗ കടത്ത് കടവിലേക്ക് നടന്നുപോകുന്നതും കായലില്‍ കുളിക്കുന്നതും കണ്ടതായി സമീപവാസിയായ സ്ത്രീ പറഞ്ഞതായി ചില യുവാക്കള്‍ വെളിപ്പെടുത്തിയെന്നും എന്നാല്‍ ലിഗയെ കണ്ട വിവരം ഇവര്‍ പൊലിസിനോട് നിഷേധിച്ചതായുമാണ് സൂചന.
ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്. ഇവിടത്തെ മയക്കുമരുന്ന് മദ്യപാന സംഘത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നേറുന്നത്.
ചെന്തിലാക്കരിക്ക് എതിര്‍വശമുള്ള വെള്ളച്ചിറ മാറയെന്ന സ്ഥലവും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ സങ്കേതമാണെന്ന വിവരത്തെ തുടര്‍ന്ന് ഇവിടെ ബീച്ചില്‍ നിന്നും വിദേശികളുള്‍പ്പെടെയുള്ളവരെ വശീകരിച്ചെത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്.
ഐ.ജി മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കണ്ടല്‍ക്കാട് അരിച്ച് പെറുക്കിയുള്ള തിരച്ചില്‍ ഇന്നലെയും തുടര്‍ന്നു.
എസ്.പി അജിത് കുമാറിന്റെ മേല്‍നോട്ടത്തിലുള്ള പൊലിസ്് സംഘം ഇന്നലെ അഞ്ച് മണിക്കൂറോളം തിരഞ്ഞെങ്കിലും സംശയകരമായ ഒന്നും കിട്ടിയില്ല. കാട് വെട്ടിത്തെളിക്കലിനും മറ്റുമായി പൊലിസിനെ സഹായിക്കാന്‍ അദാനി ഗ്രൂപ്പില്‍ നിന്നുള്ളവരും അല്ലാത്തവരുമായ ഇരുപത്തഞ്ചോളം തൊഴിലാളികളെയും നിയോഗിച്ചു.
ഏകദേശം മൂന്ന് കിലോമീറ്റര്‍ പടര്‍ന്നു കിടക്കുന്ന ദുരൂഹത നിറഞ്ഞ കാട് മുഴുവന്‍ അന്വേഷണത്തിന്റെ ഭാഗമായി അരിച്ചുപെറുക്കുകയാണ് പൊലിസ്. തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ഐ.ജി മനോജ് എബ്രഹാം ഇന്ന് രാവിലെ കോവളത്ത് എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."