മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കി ജില്ലയിലെ അങ്കണവാടികള്‍
തിരുവനന്തപുരം: ജില്ലയില്‍ കഴിഞ്ഞവര്‍ഷം അങ്കണവാടികള്‍ പുതുതായി നിര്‍മിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 60.60 ലക്ഷം രൂപ ചെലവഴിച്ചതായി ജില്ലാ സാമൂഹികനീതി ഓഫിസര്‍ എല്‍. രാജന്‍ പറഞ്ഞു.
ഇതില്‍ അങ്കണവാടികള്‍ നിര്‍മിക്കാനാവശ്യമായ സ്ഥലം വാങ്ങല്‍, അറ്റകുറ്റപണികള്‍, കളിപ്പാട്ടം, ബേബി ബെഡ്, ഫര്‍ണിച്ചറുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പകല്‍വീടുകള്‍ നിര്‍മിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി മൂന്നു ലക്ഷം രൂപ കഴിഞ്ഞവര്‍ഷം ജില്ലയില്‍ ചെലവഴിച്ചിട്ടുണ്ട്. പാറശാല, നെടുമങ്ങാട്, വര്‍ക്കല, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കാട്ടാക്കട, തിരുവന്തപുരം മണ്ഡലങ്ങളിലാണ് അങ്കണവാടികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. വാമനപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ നിലവിലുള്ള അങ്കണവാടികളില്‍ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ ഏഴുപേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ സാക്ഷ്യപത്രപ്രകാരം സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുകയും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കളായ 182 പേര്‍ക്ക് സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു.
കൂടാതെ ഭിന്നശേഷിയുള്ള 120 കുട്ടികള്‍ക്ക് 3,60,000 രൂപ ചെലവഴിച്ച് യൂണിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്തു. വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ 444 കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായവും 86 അംഗപരിമിത വിദ്യാര്‍ഥികള്‍ക്ക് 5,90,000 രൂപ സ്‌കോളര്‍ഷിപ്പും അനുവദിച്ചിട്ടുണ്ട്. അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കും അംഗപരിമിതരായ രക്ഷിതാക്കളുടെ പെണ്‍മക്കള്‍ക്കുമായി 71 പേര്‍ക്ക് വിവാഹ ധനസഹായം അനുവദിച്ചു. ഭിന്നലിംഗക്കാരുടെ ഉന്നമനം ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണെന്നും താമസിയാതെ അതിന്റെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും ജില്ലാ സാമൂഹികനീതി ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."