വരുന്നു, നിരത്തുകള്‍ കീഴടക്കാന്‍ ഹൈബ്രിഡ് കാറുകള്‍
കൈാല്ലം: കൂടുതല്‍ മുതല്‍മുടക്കില്ലാതെ നിലവിലുള്ള പെട്രോള്‍, ഡീസല്‍ കാറുകളെ ഹൈബ്രിഡ് സംവിധാനത്തിലേക്ക് മാറ്റുവാനുള്ള സംരഭത്തിലാണ് കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ ഒരു വിഭാഗം മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍.
വാഹനങ്ങളിലെ ഐസി എഞ്ചിനൊപ്പം ഒരു ഇലക്ട്രിക് മോട്ടോര്‍ കൂടി ഉപയോഗിക്കുന്നു. വാഹനം സ്റ്റാര്‍ട്ട് ചെയ്ത് നിശ്ചിത വേഗത കൈവരിക്കുന്നത് വരെ ഇലക്ട്രിക് മോട്ടോറിലും അതിനു ശേഷം ഐസി എഞ്ചിനിലേക്കും സ്വയം മാറുന്ന സംവിധാനമാണിത്.
ഹ്രസ്വ ദൂര യാത്രകള്‍ക്ക് ഇലക്ട്രിക് മോട്ടോര്‍ മാത്രം ഉപയോഗിക്കാം. ഐസി എഞ്ചിനും മോട്ടോറും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വാഹനം ഫോര്‍വീല്‍ ഡ്രൈവിലാകും. വാഹനത്തിന്റെ വേഗതക്ക് അനുസൃതമായി എഞ്ചിനില്‍ നിന്ന് മോട്ടോറിലേക്കും തിരിച്ചും സ്വയം മാറുവാനുള്ള നൂതനമായ ഒരു സ്വിച്ചിങ് നിയന്ത്രണ സംവിധാനവും ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്.
നിലവിലുള്ള എല്ലാ കാറുകളും ഈ സംവിധാനത്തിലേക്ക് മാറ്റുവാന്‍ കഴിയും. ഈ സംവിധാനത്തില്‍ ഒരു വാഹനത്തിന് പ്രതിവര്‍ഷം ചിലവാകുന്ന തുകയുടെ 70 ശതമാനത്തോളം ലാഭിക്കാനാകുമെന്ന് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ. അഷ്ഫാഖ് അഭിപ്രായപ്പെട്ടു.
ഏകദേശം 17 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന ഒരു സാധാരണ മാരുതി കാറിന് 42 കിലോമീറ്ററോളം മൈലേജ് നല്‍കുവാന്‍ പുതിയ സംവിധാനത്തിന് കഴിയുമെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെട്ടു.
അവസാനവര്‍ഷ മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ വിദ്യാര്‍ഥികളായ എസ്. സൂരജ്, ഷാല്‍വിന്‍ ഷാജഹാന്‍, ആദില്‍മുഹമ്മദ്, വി.എസ് ദേവദാസ്, എസ്. ദേവദത്തന്‍, എസ്. മുഹമ്മദ് സലീല്‍, വി. സുജിത്ത്, നഹല്‍ സിദ്ദീഖ് എന്നിവരുടെ സംഘമാണ് പ്രൊജക്ട് തയ്യാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."