ശ്രദ്ധേയമായി ചരിത്രപ്രദര്‍ശനം
കൊല്ലം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ക്രേവന്‍ സ്‌കൂളില്‍ നടക്കുന്ന ചരിത്രപ്രദര്‍ശനം വിദ്യാര്‍ഥികളെയും ചരിത്രാന്വേഷികളെയും ആകര്‍ഷിക്കുന്നു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നാള്‍വഴികളിലൂടെയുള്ള ആവേശപൂര്‍ണമായ പിന്‍നടത്തമാണ് പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ച് ഒരുക്കിയ പ്രദര്‍ശനം. പാര്‍ട്ടി നിരോധനത്തിനുശേഷം 1943 മേയില്‍ ബോംബെയില്‍ നടന്ന ഒന്നാം പാര്‍ട്ടികോണ്‍ഗ്രസ് മുതല്‍ ഇരുപത്തിരണ്ടാം പാര്‍ട്ടികോണ്‍ഗ്രസ് വരെയുള്ള ചരിത്രം പ്രദര്‍ശനശാലയിലുണ്ട്.
ലോകമെങ്ങും മാറ്റത്തിന്റെ കാറ്റുവിതച്ച 1917ലെ റഷ്യന്‍ വിപ്ലവത്തോടെ ഇന്ത്യയിലെങ്ങും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രൂപ്പുകള്‍ ഇടംപിടിക്കുന്നു.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് കാറല്‍മാര്‍ക്‌സിന്റെ ജീവിത കഥ പ്രദര്‍ശനത്തില്‍ അനാവരണം ചെയ്യുന്നുണ്ട്. 1948-49 കാലഘട്ടത്തില്‍ നിരോധിച്ച പാര്‍ട്ടിപത്രങ്ങളുടെ പതിപ്പുകള്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്‍പതാം വാര്‍ഷികാഘോഷം, എ.ഐ.വൈ.എഫ് അഖിലേന്ത്യാ സമ്മേളനത്തില്‍ നിറഞ്ഞുനിന്നിരുന്ന സി.കെ ചന്ദ്രപ്പന്‍ എന്നിവരും ശ്രദ്ധയാകര്‍ഷിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭിന്നിപ്പിനെ അപഗ്രഥിച്ച് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ 'ജനയുഗ'ത്തിലെഴുതിയ റിപ്പോര്‍ട്ടാണ് മറ്റൊരു പ്രധാന ആകര്‍ഷണം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്‍പതാം വാര്‍ഷികാഘോഷത്തിന് നേതൃത്വം നല്‍കുന്ന പരിയാരം കിട്ടേട്ടന്‍, എന്‍.ഇ ബലറാം, കാന്തലോട്ട് കുഞ്ഞമ്പു, ടി.സി നാരായണന്‍ നമ്പ്യാര്‍ എന്നിവരുടെ അപൂര്‍വചിത്രവും പ്രദര്‍ശനത്തിലുണ്ട്. 1956 നവംബര്‍ ഒന്നിലെ കേരളപ്പിറവിദിനത്തില്‍ 'ജനയുഗം' പുറത്തിറക്കിയ പ്രത്യേക സപ്ലിമെന്റ്, 'നവയുഗ'ത്തിന്റെ ആദ്യകോപ്പി, 'ന്യൂ ഏജ് ' ആദ്യലക്കത്തിന്റെ പകര്‍പ്പ്, പ്രസിദ്ധീകരണം നിര്‍ത്തിയ 'ക്രോസ് റോഡ്‌സ് ' മാസിക, 1936ല്‍ നിരോധിക്കപ്പെട്ട പാര്‍ട്ടി പത്രം 'ദി കമ്മ്യൂണിസ്റ്റ് ' എന്നിവയൊക്കെ പ്രദര്‍ശനത്തിലെ സവിശേഷതകളാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാര്‍ഷികാഘോഷവേളയില്‍ സ്ത്രീ പ്രതിനിധികളായ ഗൗരിയമ്മ, റോസമ്മ പുന്നൂസ്, സുശീലാ ഗോപാലന്‍, സി.കെ ഓമന എന്നിവരുടെ അപൂര്‍വചിത്രവും പ്രദര്‍ശനവേദിയിലുണ്ട്.
1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ വിപ്ലവാത്മകമായ നേട്ടങ്ങള്‍ കാഴ്ചവച്ച അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലഘട്ടം പ്രത്യേകമായി ഇടംപിടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."