ഉപേക്ഷിച്ച നിലയില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തി
കഠിനംകുളം: ടെക്‌നോസിറ്റി പ്രദേശത്തെ കാട്പിടിച്ചു കിടക്കുന്ന ഭൂമിയില്‍ നിന്ന് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.
പൊലിസും ഡോഗ് സ്‌ക്വഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശാധനക്കായി അസ്ഥികൂടങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രിയോടെയാണ് പള്ളിപ്പുറം കാരമൂടുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ ഭൂമിയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള തലയോട്ടിയും എല്ലിന്‍ കഷണങ്ങളും കമ്പനിയുടെ സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് രാത്രിയോടെ മംഗലപുരം സ്റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പള്ളിപ്പുറത്ത് നിന്ന് കാരമൂട്ടിലേക്കുള്ള റോഡിനോട് ചേര്‍ന്ന ചുറ്റു മതിലിന്റെയുള്ളിലെ കുറ്റിക്കാട്ടിലാണ് അസ്ഥി കൂടങ്ങള്‍ കണ്ടെത്തിയത്.
റോഡില്‍ നിന്ന് ചുറ്റു മതിലിനുള്ളിലേക്ക് എറിഞ്ഞതാവാം എന്നതാണ് പൊലിസ് നിഗമനം. ആശുപത്രിയില്‍ നിന്ന് പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങളാണോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
വ്യക്തമായ പരിശോധനകള്‍ നടത്തി അന്വേഷണം നടത്താനാണ് പൊലിസ് തീരുമാനം. സംഭവമറിഞ്ഞ് റൂറല്‍ എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.
കണ്ടെത്തിയ അസ്ഥികള്‍ അടങ്ങിയ കവര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ നിക്ഷേപിച്ചിരിക്കാനാണ് സാധ്യത കൂടുതലെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."