പൊലിസ് കസ്റ്റഡിയില്‍ വിട്ട പ്രതികള്‍ രക്ഷപ്പെട്ടു: മുഴുവന്‍ പേരും പൊലിസ് പിടിയിലായി
ചാവക്കാട്: പൊലിസ് കസ്റ്റഡിയില്‍ നിന്ന് മൂന്ന് മോഷണക്കേസ് പ്രതികള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടയൊരാളെ പാലക്കാട് മങ്കരയില്‍ നിന്ന് പിടികൂടി. ബാക്കി രണ്ടു പേരും പൊലിസ് പിടിയിലായി. എടക്കഴിയൂര്‍ പഞ്ചവടിയില്‍ പോത്തിനെ മോഷ്ടിക്കാനെത്തിയ കേസിലെ പ്രതികളായ പാലപ്പെട്ടി മാലിക്കുളം ഫര്‍ഷാദ്(20), തൊട്ടാപ്പ് സുനാമികോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍(19), തൊട്ടാപ്പ് പുളിഞ്ചോട് ഷെഹറൂഫ്(19) എന്നിവരാണ് ചൊവ്വാഴ്ച രാത്രി 11 ഓടെ സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്.
ഈ മൂന്ന് പ്രതികളേയും കേസിലെ മറ്റൊരു പ്രതിയായ തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിറി(44)നെയും ചെവ്വാഴ്ച കസ്റ്റഡിയില്‍ ലഭിച്ച പൊലിസ് രാത്രി എട്ടിന് വൈദ്യ പരിശോധനക്കായി ചാവക്കാട് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ജാബിറിന് ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹം അല്‍പ്പം മൂര്‍ച്ഛിച്ച അവസ്ഥയിലുമായിരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം രാത്രി 10.30.ഓടെ സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഇവര്‍ക്ക് ഭക്ഷണം നല്‍കി. ഭക്ഷണം കഴിച്ച് കൈ കഴുകാനായി സ്‌റ്റേഷനിലെ തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയിലേക്ക് ഇവര്‍ പോയി. മുമ്പ് ശോചാലയമായി ഉപയോഗിച്ചിരുന്ന ഈ മുറിയുടെ മേല്‍ക്കൂരയില്‍ ഷീറ്റാണ് മേഞ്ഞിരിക്കുന്നത്. ചുമരുകള്‍ക്കും ഷീറ്റിനും ഇടയിലുള്ള വിടവിലൂടെ കഷ്ടിച്ച് ഒരാള്‍ക്ക് പുറത്തേക്ക് ചാടികടക്കാനാവും. കൈ കഴുകാനെത്തിയ പ്രതികള്‍ മൂവരും ഈ വിടവിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടെന്നാണ് പൊലിസ് പറയുന്നത്. പ്രതികള്‍ നിശ്ചിത സമയം കഴിഞ്ഞും തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് പൊലിസുകാര്‍ ഈ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് പ്രതികള്‍ രക്ഷപ്പെട്ട വിവരം മനസിലാക്കുന്നത്. അപ്പോഴേക്കും 11 മണി കഴിഞ്ഞിരുന്നു. തൃശൂര്‍ പൂരം ഡ്യൂട്ടി നല്‍കിയിട്ടുണ്ടായിരുന്നതിനാല്‍ സംഭവസമയത്ത് ആകെ മൂന്ന് പോലീസുകാര്‍ മാത്രമേ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നുള്ളൂവെന്നു പറയുന്നു. ഇവരില്‍ ഫര്‍ഷാദിനെ ഇന്നലെ രാവിലെ പാലക്കാട് മങ്കരയില്‍ നിന്ന് വാഹനപരിശോധനക്കിടെ പൊലിസ് പിടികൂടി. ഫര്‍ഷാദിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന മറ്റൊരു പ്രതി ഷെഹറൂഫ് ഓടി രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."