നഗരത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ രണ്ടു കോടി നല്‍കാം: ഡി.ജി.പി
തൃശൂര്‍: നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ പൊലിസ് രണ്ടുകോടി രൂപ നല്‍കാമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പത്തുകോടി രൂപ ചെലവുവരുന്ന പദ്ധതിയില്‍ തൃശൂര്‍ കോര്‍പറേഷനും മറ്റു ജനപ്രതിനിധികളും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തൃശൂര്‍ സിറ്റി പൊലിസ് കമ്മീഷ്ണര്‍ കാര്യാലയത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നൂറ് ക്യാമറകളാണ് നഗരത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കണ്ട്രോള് റൂമിന് അഞ്ച് പുതിയ വണ്ടികളും പിങ്ക് പൊലിസിന് രണ്ടു വണ്ടികളും അധികം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. ഇതോടെ തൃശൂര്‍ കണ്ട്രോള് റൂമിനു പത്തും പിങ്ക് പൊലിസിനു നാലും വണ്ടികളുണ്ടാകും.
ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വ്യവസായ മന്ത്രി എ.സി മൊയ്തീന്, സി.എന്‍ ജയദേവന് എം.പി വിശിഷ്ടാതിഥികളായി. മേയര്‍ അജിത ജയരാജന്, എം.എല്‍.എമാരായ കെ.വി അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, അഡ്വ. കെ. രാജന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കേരള പൊലിസ് അക്കാദമി ഡയരക്ടര്‍ ബി. സന്ധ്യ, മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്, മറ്റു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. കെട്ടിടം കരാറുകാര്‍ക്കുള്ള ഉപഹാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്തു. സിറ്റി പൊലിസിനു വേണ്ടി സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം സമ്മാനിച്ചു. തൃശൂര്‍ റെയ്ഞ്ച് ഐ.ജി എം.ആര് അജിത് കുമാര്‍ സ്വാഗതവും സിറ്റി പൊലിസ് കമ്മീഷ്ണര്‍ രാഹുല്‍ ആര്. നായര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."