തടഞ്ഞുവച്ച അശാസ്ത്രീയ റോഡ് നിര്‍മാണം തുടരാന്‍ ശ്രമം
കുന്നംകുളം: കുറ്റിപ്പുറം ഹൈവേയില്‍ പാറേമ്പാടത്ത് പൊതുമരാമത്ത് കഴിഞ്ഞ ദിവസം നടത്തി വന്നിരുന്ന അശാസ്ത്രീയമായ റോഡ് നിര്‍മാണം പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്നു നിര്‍ത്തിവച്ച പണി പിറ്റേ ദിവസം രാത്രി സമയത്തു തുടരാന്‍ ശ്രമം.
സംഭവമറിഞ്ഞു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടാര്‍ ഉരുക്കാന്‍ ഉപയോഗിച്ചിരുന്ന തീയില്‍ വെള്ളം ഒഴിച്ചു തടസപ്പെടുത്തി. ഇന്നലെ രാത്രി റോഡ് പണിക്കാര്‍ ടാര്‍ ഉരുക്കുന്നുണ്ടെന്നു സമീപവാസികള്‍ അറിയിച്ചതിനെ തുര്‍ന്നാണു കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ജയശങ്കര്‍, പോര്‍ക്കളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എ ജ്യോതിഷ്, കോണ്‍ഗ്രസ് ഭാരവാഹികളായ നാസര്‍, സോണി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. തുടര്‍ന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥരെ നേതാക്കള്‍ പരാതി അറിയിക്കുകയും ചെയ്തു.
തുടര്‍ന്നു പൊതുമരാമത്ത് വകുപ്പ് തൃശൂര്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.ബി ബിജി, വടക്കാഞ്ചേരി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു പരമേശ്വരന്‍ മഴക്കാലത്തിനു മുന്‍പു വിണ്ടു കീറിയ റോഡുകളുടേയും മറ്റു കുഴികളും അടക്കാന്‍ പ്രവൃത്തികള്‍ക്കു തടസമാകാതിരിക്കാന്‍ സഹകരിക്കണമെന്നു കോണ്‍ഗ്രസ് നേതാക്കളോടു ആവശ്യപ്പെട്ടിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ കുന്നംകുളം ഓഫിസില്‍ അസി. എന്‍ജിനീയര്‍ മഞ്ജുഷ അജിതുമായി കോണ്‍ഗ്രസ് നേതാക്കളായ ബ്ലോക്ക് പ്രസിഡന്റ് കെ. ജയശങ്കര്‍, പോര്‍ക്കുളം മണ്ഡലം പ്രസിഡന്റ് കെ.എ ജ്യോതിഷ്, കാട്ട കാമ്പാല്‍ മണ്ഡലം പ്രസിഡന്റ് എം.എസ് മണികണ്ഠന്‍, ഭാരവാഹി പ്രവീണ്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.
നല്ല റബ്ബറൈസ്ഡ് റോഡുകള്‍ സാധാരണ റോഡ് ടാറിങ്ങിലേക്കു മാറ്റാനുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ശ്രമം അനുവദിക്കില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഏഴു കിലോമീറ്ററോളം വരുന്ന റോഡിന്റെ അറ്റകുറ്റപണിക്കു നാല്‍പത് ലക്ഷം രൂപയാണു വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുന്‍പു തൃശൂര്‍ റോഡിലും നല്ല റബറൈസ്ഡ് റോഡുകള്‍ ഗുണനിലവാരം കുറഞ്ഞ രീതിയില്‍ ടാറിങ് നടത്തിയിരുന്നു.
അന്നു പൊതുമരാമത്ത് എക്‌സി. എന്‍ജിനീയറോട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ പ്രവൃത്തികള്‍ വീണ്ടും തുടരുന്നതു ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അശാസ്ത്രീയമായ രീതിയിലുള്ള റോഡ് നിര്‍മാണം കഴിഞ്ഞ ദിവസം തടഞ്ഞിരുന്നത്.
സര്‍ക്കാരിന്റെ പണം നല്ല റോഡുകളില്‍ ഒഴുക്കി കളയുന്ന പ്രവണത അനുവദിക്കാനാവില്ലെന്നും കുന്നംകുളത്തെ നല്ല റബറൈസ്ഡ് റോഡുകള്‍ നശിപ്പിക്കുവാനാണു ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി.
നിലവിലെ കുഴികള്‍ അടച്ചു വരുന്ന വര്‍ഷത്തില്‍ പൂര്‍ണമായും റബറൈസ്ഡ് റോഡ് ആക്കി മാറ്റുന്നതിനുള്ള പ്രൊപ്പോസല്‍ അടിയന്തിരമായി സമര്‍പ്പിച്ചത് നടപ്പാക്കുന്നതിനു അടിയന്തിര നടപടികളെടുക്കാമെന്ന് അസി. എന്‍ജിനീയര്‍ മഞ്ജുഷ അജിത് ഉറപ്പു നല്‍കിയതോടെയാണു ചര്‍ച്ച അവസാനിച്ചത്. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്കു കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്നു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ജയശങ്കര്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."