സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ ഗോഡൗണ്‍ കാടുകയറി നശിക്കുന്നു
കാക്കനാട്: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ ഗോഡൗണായി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ഒന്നര പതിറ്റാണ്ടു മുമ്പു നിര്‍മിച്ച കെട്ടിടം നശിച്ചു കൊണ്ടിരിക്കുന്നു. ബാലറ്റ് പെട്ടികള്‍ സൂക്ഷിക്കലായിരുന്നു പ്രധാന ലക്ഷ്യം. പെട്ടികളുടെ യുഗം അവസാനിച്ച് വോട്ടിങ് യന്ത്രങ്ങള്‍ എത്തിയെങ്കിലും ഗോഡൗണ്‍ കാലിയായില്ല. ഉപയോഗ ശൂന്യമായ കുറേ ബാലറ്റ് പെട്ടികള്‍ ഇതിനകത്തു തുരുമ്പെടുത്തു നശിക്കുകയും ചെയ്യുന്നു. ആവശ്യം കഴിഞ്ഞ ബാലറ്റ് പെട്ടികള്‍ എന്തു ചെയ്യണമെന്ന് അധികൃതര്‍ക്ക് ഒരു നിശ്ചയവവുമില്ല.
ഇതിനകത്തേക്ക് ആരെങ്കിലും പ്രവേശിച്ചിട്ടു വര്‍ഷങ്ങളായി. കെട്ടിടത്തിനടുത്തേക്കു നടന്നെത്താന്‍ പോലും കഴിയാത്ത വിധം മണ്ണും മാലിന്യവും മുന്‍വശത്തു കുമിഞ്ഞു കൂടിയ നിലയിലാണ്. കലക്ടറേറ്റ് ജീവനക്കാരുടെ മക്കള്‍ക്കായുള്ള ക്രഷ് പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടത്തോടു ചേര്‍ന്ന മറ്റൊരു കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ നാലുഭാഗവും കാടു കയറി ഇഴജന്തുക്കളുടെ ഭീഷണി നിലവിലുണ്ട്. ഇതിനു മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സര്‍ക്കാര്‍ വാഹനങ്ങളും കിടപ്പുണ്ട്.
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ സ്വതന്ത്ര ചുമതലയുള്ള ഏജന്‍സിയായതിനാല്‍ ജില്ലാ ഭരണകൂടത്തിനു കെട്ടിടത്തിന്റെ കാര്യത്തില്‍ നേരിട്ട് ഇടപെടാനും കഴിയില്ല. കെട്ടിടം ജില്ലാ ഭരണകൂടത്തിനു വിട്ടുകൊടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തയാറായാല്‍ ഏതെങ്കിലും വകുപ്പിന് ഇതു പ്രയോജനപ്പെടുത്താം. 1997 സെപ്റ്റംബര്‍ അഞ്ചിന് അന്നത്തെ റവന്യൂ മന്ത്രി കെ.ഇ.ഇസ്മയില്‍ ഉദ്ഘാടനം നിര്‍വഹിച്ചതാണ് ഈ കെട്ടിടം.
ഒട്ടേറെ സര്‍ക്കാര്‍ ഓഫിസുകള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണു വിശാലമായ കെട്ടിടം കലക്ടറേറ്റ് വളപ്പില്‍ നിന്നും അപ്രത്യക്ഷമാകുന്ന രീതില്‍ നശിക്കുന്നത്. ലാറി ബേക്കര്‍ മാതൃകയിലെ മനോഹരമായ ഈ കെട്ടിടം നശിക്കും മുമ്പേ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ കണ്ണു തുറക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."