അപകടക്കെണിയൊരുക്കി എം.സി റോഡ്; ബൈക്ക് ഓട്ടോയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക്
ഏറ്റുമാനൂര്‍: എം.സി റോഡില്‍ പടിഞ്ഞാറെ നടയ്ക്കു സമീപം ശക്തിനഗറില്‍ അമിത വേഗതയിലെത്തിയ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചുകയറി ഓട്ടോഡ്രൈവര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. പരുക്കേറ്റ ഓട്ടോഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളുമായി കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് അപകടകരമാം വിധം മത്സരിച്ച് ഓടിച്ചുവന്ന ബൈക്കാണ് ഓട്ടോയില്‍ ഇടിച്ചു കയറിയതെന്ന് മറ്റു വാഹനങ്ങളില്‍ യാത്ര ചെയ്തവര്‍ പറയുന്നു.
എം.സി റോഡില്‍ പട്ടിത്താനത്തിനും ടൗണിനും ഇടയില്‍ വാഹനാപകടങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്. എം.സി.റോഡ് നവീകരണത്തിനു ശേഷം ഈ മേഖലയില്‍ അപകടങ്ങള്‍ പെരുകുകയാണ്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതും സീബ്രാ ലൈനുകള്‍ ഇല്ലാത്തതുമാണ് അപകടം വര്‍ധിക്കാന്‍ പ്രധാന കാരണം. മാസങ്ങള്‍ക്ക് മുമ്പ് ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചത് ഇതേ സ്ഥലത്താണ്. ഏറ്റവുമധികം അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തൊട്ടടുത്ത ജങ്ഷനായ തവളക്കുളിയില്‍ ജങ്ഷന്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ ഒന്നുംതന്നെയില്ല. നേരത്തെ ബസ്സുകള്‍ നിര്‍ത്തിയിരുന്നത് റോഡരുകിലെ ഒരു മരച്ചുവട്ടിലായിരുന്നു. മരം വെട്ടിമാറ്റിയതോടെ തോന്നുംപടിയാണ് ബസ്സുകള്‍ നിര്‍ത്തുന്നത്.
കോളജ് വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്നതാണ് ഈ ബസ്റ്റോപ്പ്. വള്ളിക്കാട് റോഡിലേയക്ക് തിരിയുന്ന വാഹനങ്ങളില്‍ പട്ടിത്താനം ഭാഗത്തുനിന്നും വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഇടിച്ചാണ് ഇവിടെ അപകടങ്ങളറെയും. എം.സി.റോഡരുകില്‍ രാത്രി ഭാരവണ്ടികള്‍ നിര്‍ത്തിയിടുന്നതും പതിവാണ് . ഈ വാഹനങ്ങളിലിടിച്ചും അപകടമുണ്ടാകുന്നു. ജങ്ഷനോടു തൊട്ടുചേര്‍ന്നു തന്നെയാണ് ഓട്ടോറിക്ഷാസ്റ്റാന്‍ഡ്. ഇതുവഴി മറ്റു വാഹനങ്ങള്‍ കടന്നുപോകാന്‍ സ്ഥലം കുറവാണ്. തിരക്കേറിയ തവളക്കുഴി ജങ്ഷനിലും പടിഞ്ഞാറെനടയിലും ഗതാഗതനിയന്ത്രണത്തിന് ആവശ്യത്തിന് പൊലിസുകാരില്ലാത്തതും അപകടങ്ങള്‍ വര്‍ദ്ധിക്കുവാനും ഗതാഗതക്കുരുക്ക് ഉണ്ടാകുവാനും പ്രധാന കാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."