മുഖം മിനുക്കാനൊരുങ്ങി മണര്‍കാട് ഗ്രാമപഞ്ചായത്ത്: സഹായമായി 15 കോടി രൂപയുടെ റര്‍ബന്‍ മിഷന്‍ പദ്ധതി
കോട്ടയം: ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്റെ ഭാഗമായി മണര്‍കാട് ഗ്രാമപഞ്ചായത്ത് മുഖം മിനുക്കാനൊരുങ്ങുന്നു. ഗ്രാമീണമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 2016ല്‍ നടപ്പാക്കിയ പദ്ധതിയാണ് ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍. ഗ്രാമീണ മേഖലയെ നഗരമേഖലയുടെ സൗകര്യങ്ങിളിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ ഒരു ക്ലസ്റ്റര്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുളളത്. മണര്‍കാടിനൊപ്പം പുതുപ്പളളി പഞ്ചായത്ത് കൂടി ഉള്‍പ്പടുന്നതാണ് ഈ ക്ലസ്റ്റര്‍.
പഞ്ചായത്ത് പരിധിയില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പോ പഞ്ചായത്ത് നേരിട്ടോ മുടക്കുന്ന തുകയ്ക്ക് ആനുപാതികമായി ഒരു തുക (ക്രിട്ടിക്കല്‍ ഗ്യാപ്പ് ഫണ്ട് അഥവാ സി.ജി.എഫ്) റര്‍ബന്‍ മിഷന്‍ വഴി പഞ്ചായത്തിന് ലഭിക്കുന്നു. ഈ തുക പഞ്ചായത്തിന്റെ വിവിധ വികസന ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനാകും. മൂന്ന് വര്‍ഷമാണ് ദൗത്യത്തിന്റെ കാലവധി.
പദ്ധതികള്‍ക്ക് അന്തിമ രൂപമാകാന്‍ രണ്ട് വര്‍ഷക്കാലമെടുത്തതോടെ ഈ സാമ്പത്തിക വര്‍ഷം കൊണ്ട് തുക വിനിയോഗിക്കണം. മണര്‍കാട് പഞ്ചായത്തിന് മാത്രം 15 കോടി രൂപയാണ് ക്രിട്ടിക്കല്‍ ഗ്യാപ്പ് ഫണ്ട് വഴി ലഭിക്കുക. ഇതിന്റെ വിശദമായി പദ്ധതി രേഖക്ക് അന്തിമാനുമതി ലഭിച്ചു.
മിഷന്‍ വഴി ലഭ്യമാകുന്ന തുകയ്ക്ക് ടൗണ്‍ഷിപ്പ് ആരംഭിക്കുവാനാണ് പഞ്ചായത്ത് ഭരണസമിതി ആലോചിക്കുന്നത്. പഞ്ചായത്ത് ഓഫീസിന് സമീപമുളള മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായ ബസ് സ്റ്റാന്റ്, ഗ്രാമീണച്ചന്ത, കാര്‍ഷികോല്‍പ്പന്നങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ സാധിക്കുന്ന കോള്‍ഡ് സ്റ്റോറേജ് എന്നിവയാകും ടൗണ്‍ഷിപ്പിലെ പ്രധാന ആകര്‍ഷണങ്ങള്‍.
ഇതില്‍ കോള്‍സ്റ്റോറേജിനായി മിഷന്‍ വഴി ലഭിക്കുക അമ്പത് ലക്ഷം രൂപയാണ്. പഞ്ചായത്ത് 25 ലക്ഷം രൂപ കൂടി മുടക്കി 75 ലക്ഷം രൂപ ചെലവഴിക്കും. പുതിയ ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിനായി ഒമ്പത് ലക്ഷം രൂപയും ലഭ്യമാകും.
റര്‍ബന്‍ മിഷന്റെ ഭാഗമായി യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പരിശീലന കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ അറുപത് ലക്ഷം രൂപയും അരീപ്പറമ്പ് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കംപ്യൂട്ടര്‍ ലാബ് നിര്‍മ്മിക്കുവാന്‍ 18 ലക്ഷം രൂപയും ദേശീയ ഗ്രാമീണ വികസന കുടിവെളള പദ്ധതി (എന്‍.ആര്‍.ഡി.ഡബ്യു.പി) ക്കായി ലഭിക്കുക പതിനാലര കോടി രൂപയും ലഭിക്കും. ഇതിന്റെ പണികള്‍ പഞ്ചായത്ത് ആരംഭിച്ച് കഴിഞ്ഞു. നാനൂറ് കുടുംബങ്ങള്‍ക്ക് കുടിവെളളം എത്തിക്കുന്ന ഹൗസ്‌ഹോള്‍ഡ് കണക്ഷനുകള്‍ക്കായി ഒരു കോടി 80 ലക്ഷം രൂപ ലഭിക്കും.
ചെക്ക് ഡാം നിര്‍മ്മാണത്തിന് 50 ലക്ഷം. വഴിയോരങ്ങളില്‍ എല്‍.ഇ.ഡി ലാമ്പുകള്‍ സ്ഥാപിക്കുവാന്‍ 12150000 രൂപയും ആയുര്‍വേദ ആശുപത്രിയുടെ നവീകരണത്തിനായി 112800 രൂപയും ഹോമിയോ ആശുപത്രിക്കായി 265000 രൂപയും മിഷന്‍ വഴി ലഭിക്കും. മാലം പാടശേഖര റോഡ് നിര്‍മ്മാണത്തിനും പുതിയ ബൈപ്പാസ് റോഡുകള്‍ക്കും മിഷന്‍ വഴി തുക ലഭ്യമാക്കിയിട്ടുണ്ട്.
വൃദ്ധരെ സംരക്ഷിക്കുന്നതിനുളള പകല്‍വീടിന് മുപ്പത് ലക്ഷം രൂപയും നാലുമണിക്കാറ്റ് വികസനത്തിന് പത്ത് ലക്ഷം രൂപയും ലഭിക്കും. തോടുകളുടെ ആഴം കൂട്ടാന്‍ രണ്ടരക്കോടി രൂപയും വകയിരിത്തിയിട്ടുണ്ട്. ഇതോടൊപ്പം ജീവിതശൈലി രോഗങ്ങള്‍ നിര്‍ണ്ണയിക്കുവാന്‍ ലാബ് സൗകര്യത്തോട് കൂടിയ മൊബൈല്‍ ഹെല്‍ത്ത് യൂനിറ്റ് ആരംഭിക്കുവാന്‍ 62 ലക്ഷം രൂപയും ലഭിക്കും.
മണര്‍കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന യൂനിറ്റ് കേരളത്തില്‍ ആദ്യത്തെ സംരംഭമാണെന്നാണ് പഞ്ചായത്ത് ഭരണസമിതി അവകാശപ്പെടുന്നത്.
പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയുന്ന ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ മണര്‍കാട് പഞ്ചായത്തിനെ കേരളത്തിലെ മികവുറ്റ പഞ്ചായത്താക്കി മാറ്റുമെന്ന കണക്കുകൂട്ടലിലാണ് പഞ്ചായത്ത് ഭരണസമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."