ഹൂതിനേതാക്കളുടെ കൊലപാതകം: സഊദി, യു.എ.ഇ രാജകൊട്ടാരങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി
തെഹ്റാന്: യമനിലെ വിമതവിഭാഗമായ ഹൂതികളുടെ മുതിര്‍ന്ന നേതാക്കളെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയ നടപടിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യമനിലെ വിമതവിഭാഗം രംഗത്തെത്തി. ഹൂതികളുമായി അടുപ്പമുള്ള അന്‍സാറുള്ള മൂവ്മെന്റാണ് അറബ് സഖ്യസേനയിലെ സഊദി അറേബ്യക്കും യു.എ.ഇക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അതിശക്തവും വേദനാജനകുമായ തിരിച്ചടിയായിരിക്കും ഇരുരാജ്യങ്ങളെയും കാത്തിരിക്കുന്നതെന്ന് മുതിര്‍ന്ന അന്‍സാറുള്ള അംഗം വെളിപ്പെടുത്തിയതായി ഇറാന് വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഹൂതി വിഭാഗം നേതാക്കളിലെ രണ്ടാമനായ സുപ്രിം പൊളിറ്റിക്കല്‍ ചെയര്‍മാനുമായ സ്വാലിഹ് അല്‍ സ്വമ്മാദിനെ വ്യോമാക്രമണത്തിലൂടെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന കൊലപ്പെടുത്തിയത്. ഇദ്ദേഹത്തോടൊപ്പം ഹൂതികളുടെ ആയുധ കൈമാറ്റക്കാരന്‍ ഫാരിസ് മന്നാഉം കൊല്ലപ്പെട്ടിരുന്നു. ഇരുവരുടെയും കൊലപ്പാതകം ഹൂതി വിഭാഗത്തിന് കനത്ത വീഴ്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സഊദിക്കും യു.എ.ഇക്കുമെതിരെ ഭീഷണിയുമായി യമന്‍ വിമതര്‍ രംഗത്തെത്തിയത്.
'ഇതിനെതിരെ തിരിച്ചടി നല്കാന് ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഇരുരാജ്യങ്ങളിലെയും രാജകൊട്ടാരങ്ങള്‍ തകര്‍ക്കാന്‍ ഞങ്ങള്‍ ശക്തമായ മിസൈല്‍ ആക്രമണമായിരിക്കും നടത്തുക. ഇന്ന് മുതല്‍ ഏതു നിമിഷവും സഊദി ഭരണാധികാരിക്കെതിരെ ആക്രമണം ഉണ്ടായേക്കാമെന്നും മുതിര്‍ന്ന അന്‍സാറുള്ള അംഗം അബ്ദുല്‍നാസര്‍ അല്‍ റഷീദി മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."