അഖിലേന്ത്യാ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രക്ക് കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: അഖിലേന്ത്യ സര്‍വിസിലുള്ള ഉദ്യോഗസ്ഥരുടെ വിദേശയാത്രയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ചീഫ് സെക്രട്ടറി പോള്‍ ആന്റണി സര്‍ക്കുലറിറക്കി.
ഐ.എ.എസ്, ഐ.പി.എസ്, ഫോറസ്റ്റ് സര്‍വിസ് ഉദ്യോഗസ്ഥര്‍ വിദേശയാത്ര പോകണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. എന്ത് ആവശ്യത്തിനാണ് പോകുന്നത്, ആരുടെ ചെലവിലാണ് യാത്ര, താമസം എവിടെയാണ്, അവിടെ ആരെയെല്ലാം കാണും എന്നിവ വ്യക്തമാക്കണം. സ്വകാര്യ ആവശ്യത്തിനാണെങ്കില്‍ ഇത് ബാധകമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
അഖിലേന്ത്യ സര്‍വിസ് ചട്ടത്തിന് വിരുദ്ധമായി നിരവധിപേര്‍ അനുമതി വാങ്ങാതെ വിദേശ യാത്ര നടത്തുകയും ആരോപണം ഉണ്ടാകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നേരിട്ട് ഇടപെട്ടത്. സര്‍ക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ വിദേശയാത്ര നടത്തിയ ഒരു ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറി താക്കീത് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ നാലിനാണ് ചീഫ് സെക്രട്ടറി സര്‍ക്കുലറിറക്കിയത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതായി കണ്ടെത്തിയാല്‍ അച്ചടക്ക നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കേരള കേഡറിലുള്ള എല്ലാ ഉദ്യോഗസ്ഥരും അനുമതി കേരള സര്‍ക്കാരില്‍ നിന്നാണ് വാങ്ങേണ്ടത്. ഡപ്യൂട്ടേഷനില്‍ പോയവരും, എക്‌സ് കേഡറിലുള്ളവര്‍ക്കും ഇത് ബാധകമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
സര്‍ക്കാര്‍ അനുമതി ഇല്ലാതെ വിദേശയാത്രകള്‍ നടത്തിയതിന് ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരിയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കൂടാതെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനെ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ഇ.കെ ഭരത് ഭൂഷണും നടപടി എടുത്തിരുന്നു.
അടുത്ത കാലത്ത് സസ്‌പെന്‍ഷനിലിരിക്കുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വിദേശയാത്രാ അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.
ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 11വരെ അമേരിക്കയിലേക്ക് ഒരു മാസത്തെ വിദേശയാത്ര നടത്താന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും വിദേശ യാത്രയ്ക്ക് അനുമതി നല്‍കാത്തത്.
അതാത് സംസ്ഥാനങ്ങളിലേയ്ക്ക് അനുവദിച്ച അഖിലേന്ത്യ സര്‍വിസിലുള്ള ഉദ്യോഗസ്ഥര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കീഴിലാണെങ്കിലും വിദേശയാത്രാ സംബന്ധമായ കാര്യങ്ങളും പരിശീലനം സംബന്ധിച്ചും അനുമതി നല്‍കാനുള്ള പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."