അനുനയശ്രമങ്ങള്‍ വിജയം കണ്ടില്ല; ഇറാന്‍ ആണവ കരാറില്‍നിന്ന് യു.എസ് പിന്മാറുമെന്ന് ഫ്രാന്‍സ്
പാരിസ്: അന്താരാഷ്ട്ര ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറാതിരിക്കാന്‍ നടത്തിയ അനുനയശ്രമങ്ങള്‍ പരാജയപ്പെട്ടതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അമേരിക്ക അവരുടെ ആഭ്യന്തര കാര്യങ്ങളുടെ പേരില്‍ കരാറില്‍നിന്നു പിന്മാറുമെന്നാണു മനസിലാകുന്നതെന്ന് മാക്രോണ്‍ പറഞ്ഞു. ഇറാനെ ആണവായുധങ്ങള്‍ സംഭരിക്കുന്നതില്‍നിന്നു തടയുന്ന കരാറില്‍ നില്‍ക്കണോ പിന്മാറണോ എന്ന കാര്യം തീരുമാനിക്കാന്‍ അടുത്ത മാസം 12 വരെ കാലാവധിയുണ്ട്.
കഴിഞ്ഞ ദിവസം മാക്രോണ്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുകയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഇറാന്‍ ആണവ കരാറിനു പുറമെ കാലാവസ്ഥാ വ്യതിയാന കരാറും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതാണ് അറിയുന്നത്. രണ്ട് കരാറുകളിലും അമേരിക്ക നിലപാട് മാറ്റുന്നതായി മാക്രോണ്‍ നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍, കൂടിക്കാഴ്ച അവസാനിച്ച മുറയ്ക്കാണു പ്രതീക്ഷ നഷ്ടപ്പെട്ടതായി അദ്ദേഹം അറിയിച്ചത്. ട്രംപിന്റെ നിലപാട് മാറ്റുക ദുഷ്‌കരമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മാക്രോണ്‍ ആണവ കരാറിനെ കുറിച്ചു പരാമര്‍ശിച്ചിരുന്നു. ''ചെറിയ കാലത്തേക്ക് അമേരിക്കയുടെ നിലപാട് പ്രായോഗികമായേക്കാം. എന്നാല്‍, ദീര്‍ഘകാലത്തേക്ക് ഇതിനെ പിന്താങ്ങുന്നത് ഭ്രാന്താണ് '' എന്നായിരുന്നു വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ട്രംപ് നല്‍കിയ മറുപടി. യമന്‍, സിറിയ അടക്കം ആഭ്യന്തര പ്രശ്‌നങ്ങള്‍ നടക്കുന്ന മധ്യേഷ്യയില്‍ മുഴുവന്‍ ഇറാന്റെ നിയന്ത്രണവും ഇടപെടലും തടയുന്ന തരത്തില്‍ പുതിയ കരാര്‍ തയാറാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ബുധനാഴ്ച യു.എസ് സംയുക്ത ജനപ്രതിനിധി സഭയെ മാക്രോണ്‍ അഭിസംബോധന ചെയ്തിരുന്നു. പ്രസംഗത്തില്‍ ദേശീയതയെയും ഒറ്റപ്പെട്ടു നില്‍ക്കുന്ന നയങ്ങള്‍ക്കെതിരേയും മാക്രോണ്‍ ആഞ്ഞടിച്ചു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തിലാണ് ഇറാന്‍ ആണവ കരാര്‍ രൂപീകരിക്കപ്പെട്ടത്. അമേരിക്കയ്ക്കും ഇറാനും പുറമെ റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവച്ചത്.
ആണവ കരാറില്‍ ഭേദഗതി അംഗീകരിക്കില്ല: ഇറാന്‍
തെഹ്‌റാന്‍: ആണവ കരാറില്‍ ഒരു ഭേദഗതിയും അനുവദിക്കില്ലെന്ന് ഇറാന്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മുഖ്യ ഉപദേഷ്ടാവ് അലി അക്ബര്‍ വിലായതി ആണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയെ അനുനയിപ്പിക്കാനായി കരാറില്‍ ഒപ്പുവച്ച പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ ഭേദഗതിക്കു ശ്രമിക്കുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു വിലായത്തി.
''അമേരിക്ക കരാറില്‍നിന്നു പിന്‍വാങ്ങിയാല്‍ ഇറാനും ഉറപ്പായിട്ടും പിന്മാറും.തങ്ങള്‍ക്കു നേട്ടമില്ലാത്ത ഒരു ആണവ കരാറും ഇറാന്‍ അംഗീകരിക്കില്ല. കരാറില്‍നിന്നു പിന്മാറി ഉപരോധം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ല.
അമേരിക്കയും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും പ്രചരിപ്പിക്കുന്ന പോലെ പശ്ചിമേഷ്യയില്‍ അധികാരം വ്യാപിപ്പിക്കാന്‍ ഇറാന് താല്‍പര്യമൊന്നുമില്ല.''-അലി അക്ബര്‍ വിലായത്തി വ്യക്തമാക്കി.
അമേരിക്കയ്‌ക്കെതിരേ ഒന്നിക്കാന്‍ മുസ്‌ലിം രാഷ്ട്രങ്ങളോട് ഖാംനഇ
തെഹ്‌റാന്‍: അമേരിക്കയ്‌ക്കെതിരേ ഒന്നിക്കാന്‍ മുസ്‌ലിം രാഷ്ട്രങ്ങളോട് ആഹ്വാനവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. തെമ്മാടിത്തങ്ങള്‍ക്കു മുന്‍പില്‍ ഇറാന്‍ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'അമേരിക്കയുടെയും മറ്റ് അഹങ്കാരി രാഷ്ട്രങ്ങളുടെയും നേതൃത്വത്തിലുള്ള തെമ്മാടിത്ത പ്രവര്‍ത്തനങ്ങളെയെല്ലാം ഇറാന്‍ വിജയകരമായി അതജീവിച്ചിട്ടുണ്ട്. ഇനിയും അതു തുടരുകയും ചെയ്യും. അമേരിക്കയ്ക്കും മറ്റു ശത്രുക്കള്‍ക്കുമെതിരേ എല്ലാ മുസ്‌ലിം രാഷ്ട്രങ്ങളും ഒന്നിച്ചുനില്‍ക്കണം'-ഖാംനഇ പറഞ്ഞതായി ഇറാന്‍ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ ചില രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ സംരക്ഷണം കൂടാതെ ഒരു ആഴ്ചയ്ക്കപ്പുറം നിലനില്‍ക്കാനാകില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെയും ഖാംനഇ രൂക്ഷമായി വിമര്‍ശിച്ചു. 'അത്തരം പ്രസ്താവനകള്‍ മുസ്‌ലിംകള്‍ക്ക് അപമാനമാണ്. നിര്‍ഭാഗ്യകരമെന്നോണം നമ്മുടെ പ്രദേശത്ത് മുസ്‌ലിം രാജ്യങ്ങള്‍ തമ്മില്‍ തന്നെ യുദ്ധമാണ്. ചില മുസ്‌ലിം രാജ്യങ്ങളിലെ പിന്നോക്ക സര്‍ക്കാരുകള്‍ മറ്റു രാജ്യങ്ങളുമായി പോരടിക്കുകയാണ്.'-ഖാംനഇ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."