കുടിവെള്ളക്ഷാമം: മണമ്പൂര്‍ കോളനിവാസികള്‍ നെട്ടോട്ടമോടുന്നു
കല്ലമ്പലം: മണമ്പൂര്‍ പഞ്ചായത്തിലെ കണ്ണങ്കര ഭാസ്‌കര്‍ കോളനി, കൊടിതൂക്കിക്കുന്ന് കോളനി, കവലയൂര്‍, പാര്‍ത്തുകോണം, തൊട്ടിക്കല്ല്, തോപ്പുവിള, വേടന്‍വിള എന്നിവിടങ്ങളില്‍ കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുന്നു. കോളനിക്ക് അകത്തുള്ള എല്ലാ കിണറുകളും വറ്റിവരണ്ടു. പൈപ്പ്‌ലൈന്‍ എത്തിയിട്ടുണ്ടെങ്കിലും പൊതുടാപ്പുകള്‍ സ്ഥാപിച്ചിട്ടില്ല. കുടിവെള്ളത്തിനായി കിലോമീറ്ററുകളാണ് ഇവിടത്തുകാര്‍ അലയുന്നത്.
മണമ്പൂര്‍ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ടാങ്കില്‍ നിന്നാണ് പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളില്‍ വെള്ളം വിതരണം ചെയ്യുന്നത്. ഇവിടെ നിന്ന് നാവായിക്കുളം പഞ്ചായത്തിനും വെള്ളം കൊടുക്കുന്നുണ്ട്.
എന്നാല്‍ മേല്‍പറഞ്ഞ സ്ഥലങ്ങളിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാന്‍ പഞ്ചായത്തധികൃതര്‍ക്കാകുന്നില്ല. കൊടിതൂക്കിക്കുന്ന് കോളനി ഉയര്‍ന്ന പ്രദേശമായതിനാല്‍ വാഹനത്തില്‍ കുടിവെള്ള വിതരണം നടത്താനും പ്രയാസമാണ്. ആഴത്തിലുള്ള കിണര്‍ കുഴിച്ചാലും പ്രദേശത്ത് ജലലഭ്യത കുറവാണ്.
എം.എല്‍.എ ഫണ്ടുപയോഗിച്ച് പഞ്ചായത്ത് കൊടിതൂക്കിക്കുന്ന് വാര്‍ഡില്‍ പുളിയിക്കച്ചിറ കുടിവെള്ള പദ്ധതി തുടങ്ങിയെങ്കിലും അശാസ്ത്രീയ നിര്‍മാണം മൂലം മിക്ക ദിവസങ്ങളിലും വെള്ളം കിട്ടുന്നില്ല.
കിണര്‍ റീചാര്‍ജ്, മഴക്കുഴി നിര്‍മാണം, കുളം നവീകരിക്കല്‍, പുതിയകുളം നിര്‍മിക്കല്‍ എന്നിവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നതായും എല്ലാ വാര്‍ഡുകളിലെയും കുളങ്ങള്‍ ഭൂവസ്ത്രം അണിയിച്ച് സംരക്ഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും കുടിവെള്ളമില്ലാത്ത പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തുന്ന നൂതനസംവിധാനങ്ങളാണ് പഞ്ചായത്ത് നടപ്പാക്കി വരുന്നതെന്നും വൈസ് പ്രസിഡന്റ് സുരേഷ്‌കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."