'ശബ്ദ മലിനീകരണം നിയന്ത്രിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും'
തിരുവനന്തപുരം: ശബ്ദ മലിനീകരണം നിയന്തിക്കാന്‍ എല്ലാവിധ ആധുനിക സജ്ജീകരണവുമുള്ള പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.
ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി ബോധവല്‍ക്കരണം നടത്തും. രണ്ടാം ഘട്ടമായി 112 ഡെസിബലിന് മുകളില്‍ ഹോണുപയോഗിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി കേരള സര്‍ക്കാര്‍ ആചരിക്കുന്ന നോ ഹോണ്‍ ഡേയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന്‍.
14 ജില്ലകളിലേയും ഒരോ റോഡ് ഹോണ്‍ ഉപയോഗിക്കാത്ത റോഡായി മാറ്റാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. അങ്ങനെ ശബ്ദമലിനീകരണം കൊണ്ടുള്ള വിവിധങ്ങളായ രോഗങ്ങളില്‍ നിന്ന് ജനങ്ങളെ ഒരു പരിധിവരെ രക്ഷിക്കാന്‍ കഴിയും. ഇതിനായി എല്ലാ ജനങ്ങളുടെ സഹകരണവും മന്ത്രി അഭ്യര്‍ഥിച്ചു.
കേരളത്തില്‍ മൂന്നേകാല്‍ കോടി ജനങ്ങള്‍ക്ക് ഒന്നേകാല്‍ കോടി വാഹനങ്ങളാണുള്ളത്.ഇവയെല്ലാം കൂടി പുറപ്പെടുവിക്കുന്ന ശബ്ദമലിനീകരണം നിയന്ത്രിച്ചേ മതിയാകൂ. ഇതിനായി തുടര്‍ച്ചയായ ബോധവല്‍ക്കരണം ആവശ്യമാണ്. ഇതില്‍ ഡ്രൈവര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി വിവിധ മോട്ടോര്‍വാഹന യൂണിയനുകളുടെ സഹകരണവും അഭ്യര്‍ഥിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അഡ്വ. വി.എസ് ശിവകുമാര്‍ എം.എല്‍.എ, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പത്മകുമാര്‍, ഐ.ജി പി. വിജയന്‍, ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് തിരുമേനി, ഐ.എം.എ.മുന്‍ ദേശീയ പ്രസിഡന്റ് ഡോ. മാര്‍ത്താണ്ഡപിള്ള, നടനും നിര്‍മ്മാതാവുമായ ദിനേഷ് പണിക്കര്‍, ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍ സംസാരിച്ചു.
തലസ്ഥാനത്ത് സുരക്ഷിത ശബ്ദത്തില്‍ ആരാധനകളും ഉത്സവങ്ങളും നടത്തിയ ആരാധനാലയങ്ങള്‍ക്കുള്ള ഐ.എം.എ.യുടെ പ്രത്യേക പുരസ്‌കാരങ്ങളും ഇതോടൊപ്പം വിതരണം ചെയ്തു. ആറ്റുകാല്‍ ദേവീ ക്ഷേത്രം, പാളയം ജുമാ മസ്ജിദ്, സി.എസ്.ഐ. ചര്‍ച്ച് വേങ്കോട് എന്നീ ആരാധനാലയങ്ങള്‍ക്കായിരുന്നു പുരസ്‌കാരങ്ങള്‍. ഐ.എം.എ. നടത്തിയ ചിത്രരചനാ മത്സരത്തിലേയും മാസകോട്ട് മത്സരത്തിലേയും വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."