ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല: ഉദ്യോഗാര്‍ഥികള്‍ കലക്ടര്‍ക്ക് പരാതി നല്‍കി
ആലപ്പുഴ: ജില്ലയില്‍ ഒരു വര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകള്‍ പി.എസ്.സിയില്‍ വിവിധ വകുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെതിരേ ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ കളക്ടര്‍ക്കു പരാതി നല്‍കി. 2018 ജനുവരി മുതല്‍ ഡിസംബര്‍വരെ ഉണ്ടാകുന്ന റിട്ടയര്‍മെന്റ് ഒഴിവുകളും മറ്റ് ഒഴിവുകളും പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെങ്കിലും പല വകുപ്പുകളും ഇത് പാലിക്കുന്നില്ലെന്നാണ് പരാതി.
കോടതികളില്‍ നിന്നുള്ള പ്രതീക്ഷിത ഒഴിവുകള്‍ മാത്രമാണ് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ വകുപ്പുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ ഉദ്യോഗാര്‍ഥികള്‍ കണ്ടെത്തി ബന്ധപ്പെട്ട അധികാരികള്‍ക്കു നിവേദനം നല്കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. നോക്കട്ടെ, റിട്ടയര്‍മെന്റ് വരട്ടെ തുടങ്ങിയ മറുപടികളാണ് ഉദ്യോഗസ്ഥരില്‍നിന്നും ലഭിക്കുന്നതത്രേ. എല്‍.ഡി ടൈപ്പിസ്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് കൂടുതല്‍ ആശങ്കയിലായത്. ഇവര്‍ക്കു പ്രമോഷന്‍ വേക്കന്‍സികള്‍ ഒന്നും തന്നെ ലഭിക്കുന്നില്ല. നിലവിലുള്ള റാങ്ക്‌ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഇനി ഒന്നരവര്‍ഷം മാത്രമുള്ളപ്പോള്‍ കേവലം 55 പേര്‍ക്കു മാത്രമാണ് നിയമനം ലഭിച്ചത്. ഇനിയൊരു പരീക്ഷയെഴുതാന്‍ പ്രായപരിധി അനുവദിക്കാത്ത നിരവധിപേര്‍ ലിസ്റ്റില്‍ ഉണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അതേപോലെ പഞ്ചായത്ത് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ആലപ്പുഴ ജില്ലയില്‍ മൂന്നു സ്ഥലങ്ങളില്‍ ടൈപ്പിസ്റ്റ് വേക്കന്‍സി ഒഴിഞ്ഞു കിടക്കുകയാണ്.
ചമ്പക്കുളം, മുതുകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് ഈ ഒഴിവുകള്‍ നിലവിലുള്ളത്. എല്ലാ മാസവും തിരുവനന്തപുരത്തെ ചീഫ് എന്‍ജിനിയര്‍ ഓഫീസിലേക്കു ഈ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അധികൃതര്‍ അവഗണിക്കുകയാണ്. എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ജോലിഭാരം ഇരട്ടിയായതുമൂലം പുതിയ ടൈപ്പിസ്റ്റ് തസ്തികകള്‍ ഉള്‍പ്പടെ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഫയല്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളപ്പോഴാണ് ഒഴിവുണ്ടായിട്ടും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്. ഇത് അനീതിയാണെന്നും നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു വരുമെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് കളക്ടര്‍ ഉറപ്പു നല്കിയതായും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."