യുവാവിന്റെ കാല്‍ വെട്ടിയ കേസ്: യൂത്ത് കോണ്‍ഗ്രസ് പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
കളമശേരി: യുവാവിനെ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാതെ പൊലിസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. സൗത്ത് കളമശേരിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് സ്റ്റേഷന് മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലിസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. കളമശ്ശേരി വട്ടേക്കുന്നം ജോര്‍ജിന്റെ മകന്‍ എല്‍ദോസിനെയാണ് വിഷു ദിവസം രാത്രിയില്‍ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദിച്ചതിന് ശേഷം കാലില്‍ കൊടുവാള് കൊണ്ട് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
സി.പി.എം നേതാവിന്റെ മകനടക്കമുള്ള പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സംഭവം നടന്ന് പത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലിസ് സ്വീകരിക്കുന്നത്. പരാതിക്കാരനായ യുവാവിന്റെ മൊഴിയെടുക്കാന്‍ പോലും പൊലിസ് തയ്യാറായിരുന്നില്ല.
പൊലിസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കാതെയായപ്പോള്‍ സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പുറത്ത് വിട്ടതോടെയാണ് കേസെടുക്കാന്‍ തന്നെ തയാറായതെന്നും നേതാക്കള്‍ പറഞ്ഞു. ഒരു പ്രതി സ്വയം കീഴടങ്ങിയതല്ലാതെ പ്രതികളെ പിടികൂടാന്‍ പൊലിസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സൂചകമായി മാര്‍ച്ച് നടത്തിയത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുറ്റകൃത്യത്തില്‍ പങ്കാളികളായ മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി സെക്രട്ടറി ബി.എ അബ്ദുള്‍ മുത്തലിബ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രസിഡന്റ് അഷ്‌കര്‍ പനയപ്പിള്ളി, നേതാക്കളായ റഷീദ് താനത്ത്, ടി.എ അബ്ദുള്‍ സലാം, മാര്‍ട്ടിന്‍ തായങ്കരി, പി.എം നജീബ്, ഷംസു തലക്കോട്ടില്‍, കെ.എസ് സുജിത് കുമാര്‍, ജിന്‍ഷാദ് ജിന്നാസ്, പി വൈ ഷാജഹാന്‍, എ കെ നിഷാദ്, കെ എം അനസ്, സിറാജ് അടമ്പയില്‍, ദിനില്‍ രാജ്, അന്‍വര്‍ കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."