തവിട്ട് നിറമുള്ള വെള്ളം: കൊളത്തറ ചെറുപുഴയില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി
ഫറോക്ക്: കൊളത്തറ ചെറുപുഴയിലെ ജലം ചുവപ്പു കലര്‍ന്ന തവിട്ട് നിറമായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനക്കെത്തി. ചാലിയാറിന്റെ കൈവഴിയായ കൊളത്തറ ചെറുപുഴയില്‍ കഴിഞ്ഞ മൂന്നു ദിവസമായി തവിട്ടു നിറത്തിലാണ് ജലമൊഴുകുന്നത്.
പുഴയില്‍ ഈ പ്രതിഭാസം തുടരുന്നതിനാല്‍ പരിസരവാസികള്‍ കടുത്ത ആശങ്കയിലാണ്. വെള്ളത്തിന്റെ നിറം മാറിയതോടെ മത്സ്യം പിടിച്ചിരുന്നവരും മറ്റും പുഴയില്‍ ഇറങ്ങാത്ത സ്ഥിതിയാണുള്ളത്. പുഴയിലെ തവിട്ട് കലര്‍ന്ന മലിനജലം ഉറവയായി പ്രദേശത്തെ കുടിവെളള സ്രോതസുകളിലേക്ക് കലരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചെറുവണ്ണൂര്‍ പി.എച്ച്.സിയില്‍നിന്നു ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനക്കെത്തിയത്. വെള്ളത്തിന്റെ സാംപിളുകളെടുത്ത് സി.ഡബ്ല്യു.ആര്.എം വിഭാഗത്തിന് പരിശോധനക്കായി അയച്ചു.
കഴിഞ്ഞവര്‍ഷവും ഇതേസമയം പുഴയില്‍ ദുര്‍ഗന്ധം വമിക്കുന്ന കറുത്ത ജലം നിറഞ്ഞ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയിരുന്നു. രണ്ടു ദിവസമാണ് മീനുകള്‍ ചത്തുപൊങ്ങി പുഴയിലൂടെ ഒലിച്ചുപോയത്. അന്ന് കൊച്ചിയില്‍നിന്നു സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരെത്തി ചത്ത മത്സ്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയും പരിശോധിച്ചിരുന്നു.
വെള്ളത്തില്‍ മാരകമായതൊന്നും കലര്‍ന്നിട്ടില്ലെന്നും കാലാവസ്ഥമാറ്റമാണ് നിറമാറ്റത്തിനു കാരണമെന്നുമാണ് അന്നു കണ്ടെത്തിയത്. ചെറുവണ്ണൂര്‍ പി.എച്ച്.സിയിലെ എച്ച്.ഐ പ്രേമവല്ലി, ജെ.എച്ച്.ഐ ടി. അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പരിശോധനക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."