രാമനാട്ടുകര നിസരി ജങ്ഷനില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
ഫറോക്ക്: രാമനാട്ടുകര നിസരി ജങ്ഷനില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. അമിതവേഗതയും ട്രാഫിക് നിയന്ത്രണങ്ങള്‍ ശാസ്ത്രീയമല്ലാത്തതുമാണ് ഇവിടെ നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണം. ഇടിമുഴിക്കല്‍ ഇറക്കമിറങ്ങി അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ എതിര്‍ദിശയില്‍ നിന്നു വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ കടക്കാന്‍ ശ്രമിക്കുന്നതാണ് അപകടങ്ങള്‍ ഉണ്ടാക്കുന്നത്.
ഒരാഴ്ച്ചക്കിടെ ഇവിടെയും സമീപത്തുമായി മൂന്നു അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ ഒരാള്‍ മരിക്കുകയും ആറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 16ന് കണ്ടെയിനര്‍ ലോറി ഗുഡ്‌സ് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയനാട് അഞ്ചുകുന്ന് കളത്തിങ്കല്‍ അത്തിലന്‍ ഷിബ്‌നു ഷരീഫ് (25) കഴിഞ്ഞദിവസമാണ് മരിച്ചത്. രാമനാട്ടുകരയില്‍ ഫ്രൂട്ട്‌സ് കച്ചവടം നത്തിവന്നിരുന്ന യുവാവ് സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയില്‍ ലോറി ഇടിക്കുകയായിരുന്നു.
വിഷുദിനത്തില്‍ രാത്രി ഒന്‍പതരക്ക് ജങ്ഷനു സമീപം ചെമ്മലില്‍ പള്ളിക്കടുത്ത് കാറുകള്‍ കൂട്ടിയിടിച്ച് കുട്ടിയടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ഭാഗത്തുനിന്ന് അമിതവേഗതയില്‍ ദിശമാറിയെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
ഇവിടെ ട്രാഫിക് നിയന്ത്രണ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും അവയെല്ലാം പ്രവര്‍ത്തനരഹിതമായി കിടക്കുകയാണ്. കൂടാതെ ജങ്ഷനില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ദേശീയപാത നവീകരണവും രാമനാട്ടുകര മേല്‍പ്പാലം നിര്‍മാണവും പൂര്‍ത്തിയായാല്‍ ജങ്ഷനിലെ ഗതാഗത പ്രയാസത്തിന് ഏറെക്കുറേ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."