മലമ്പനിക്കെതിരേ ജാഗ്രത വേണം: ആരോഗ്യവകുപ്പ്
കല്‍പ്പറ്റ: മലമ്പനിയെ പ്രതിരോധിക്കാന്‍ കൊതുകു നശീകരണത്തില്‍ പങ്കാളിയാകണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. വീടിനു പരിസരത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം.
വെള്ളക്കെട്ടുകള്‍ മണ്ണിട്ട് നികത്തുകയോ ഒഴുക്കിക്കളയുകയോ ചെയ്യുക, കിണറുകള്‍, ടാങ്കറുകള്‍, വെള്ളം സംഭരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്ത വിധം വലയിയോ തുണിയോ കൊണ്ട് മൂടുക, വീടിന്റെ ടെറസിലും സണ്‍ഷേഡിലും മറ്റും കെട്ടികിടക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വേണം.വെള്ളക്കെട്ടുകളില്‍ മണ്ണെണ്ണയോ എംഎല്‍ഒ (മൊസ്‌ക്വിറ്റോ ലാര്‍വിസിഡല്‍ ഓയില്‍) തുടങ്ങിയവ ഒഴിക്കുന്നതുവഴി കൂത്താടികളെ നശിപ്പിക്കാന്‍ കഴിയും.
കൂത്താടികളെ തിന്നൊടുക്കുന്ന ഗപ്പി, ഗാമ്പൂസിയ, മാനത്തുകണ്ണി തുടങ്ങിയ മല്‍സ്യങ്ങളെ ജലാശയങ്ങളിലും ആഴംകുറഞ്ഞ കിണറുകളിലും വളര്‍ത്തുന്നതും ഗുണകരമാണ്.
ജൈവകീടനാശിയായ ബാസിലസ് തൂറിന്‍ചിയന്‍സിസ്, രാസവസ്തുവായ ടെമിഫൊസ് തുടങ്ങിയവ ഉപയോഗിച്ചും കൂത്താടികളെ നശിപ്പിക്കാം. ജനാലകളും മറ്റും കൊതുക് കടക്കാത്ത വിധം വലയടിച്ച് സുരക്ഷിതമാക്കുക, ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക, കൊതുകിനെ അകറ്റിനിര്‍ത്തുന്ന ലേപനങ്ങള്‍, കൊതുകുതിരികള്‍, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് റിപ്പലന്റുകള്‍ തുടങ്ങിയവ ഉപയോഗിക്കുക, ശരീരം പരാമവധി മൂടുന്ന തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുക, വീടിനു പുറത്ത് കിടന്നുറങ്ങാതിരിക്കുക, അങ്ങനെ ഉറങ്ങേണ്ടി വന്നാല്‍ കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ മലമ്പനി പടരുന്നതിനുള്ള പ്രതിരോധത്തിന് അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."