സുല്‍ത്താന്‍ ബത്തേരി നഗരസഭക്ക് പുതിയ അധ്യക്ഷന്‍
സുല്‍ത്താന്‍ ബത്തേരി: കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പേ ജില്ലയിലെ രണ്ടാമത്തെ നഗരസഭക്കും പുതിയ അധ്യക്ഷന്‍. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഇന്നലെ നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗം ടി.എല്‍ സാബു ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ചെയര്‍മാനായതോടെയാണിത്. 16നെതിരേ 18 വോട്ടുകള്‍ക്ക് യു.ഡി.എഫിലെ എന്‍.എം വിജയനെയാണ് ടി.എല്‍ സാബു പരാജയപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തെങ്കിലും ബി.ജെ.പി അംഗം എന്‍.കെ സാബു വോട്ട് രേഖപ്പെടുത്തിയില്ല. രാവിലെ 11 മണിയോടെയാണ് വരണാധികാരിയായ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറായ കെ.പി സുഗുണന്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് മുന്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍, ടി.എല്‍ സാബുവിന്റെ പേര് നിര്‍ദേശിക്കുകയും നഹരസഭാ ഉപാധ്യക്ഷ ജിഷ ഷാജി പിന്താങ്ങുകയും ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി എന്‍.എം വിജയനെ, മുസ്്‌ലിം ലീഗിലെ പി.പി അയ്യൂബാണ് നിര്‍ദേശിച്ചത്. കോണ്‍ഗ്രസിലെ അഡ്വ.രാജേഷ്‌കുമാര്‍ പിന്താങ്ങി. ഇതിനിടെ മുസ്്‌ലിം ലീഗിലെ ഷബീര്‍ അഹമ്മദ് സി.പി.എം അംഗമായ ടി.കെ രമേശിന്റെ പേര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും കോണ്‍ഗ്രസിലെ രാധാ രവീന്ദ്രന്‍ പിന്താങ്ങുകയും ചെയ്തു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് ടി.കെ രമേശ് വരണാധികാരിയെ അറിയിച്ചു.
ഇതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം രണ്ടായി നിജപ്പെടുത്തി വോട്ടെടുപ്പ് ആരംഭിച്ചു. ഡിവിഷനുകളുടെ ക്രമനമ്പര്‍ അനുസരിച്ച് രഹസ്യ ബാലറ്റ് രീതിയിലാണ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. 35 കൗണ്‍സിലര്‍മാരില്‍ 34 പേരും വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് 12.15ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ട് എണ്ണല്‍ പൂര്‍ത്തിയായതോടെ റിട്ടേണിങ് ഓഫിസര്‍ ടി.എല്‍ സാബുവിനെ വിജയായി പ്രഖ്യാപിച്ചു. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ഹാളില്‍ നിന്ന് ഇറങ്ങിപോയി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ ടി.എല്‍ സാബു സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ രണ്ടാമത്തെ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്തു. നടപടിക്രമങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ പുതിയ ചെയര്‍മാനെ കേരളകോണ്‍ഗ്രസ് (എം) ജില്ലാപ്രസിഡന്റ് കെ.ജെ ദേവസ്യ, യൂത്ത് ഫ്രണ്ട് എം ജില്ലാഭാരവാഹി ടിജി ചെറുതോട്ടില്‍, സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം കെ ശശാങ്കന്‍, ബത്തേരി ഏരിയ സെക്രട്ടറി ബേബി വര്‍ഗീസ്, കെ.സി യോഹന്നാന്‍, മുന്‍ചെയര്‍മാന്‍ സി.കെസഹദേവന്‍ എന്നിവര്‍ ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചു. തുടര്‍ന്ന് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ഉച്ചകഴിഞ്ഞ് സ്ഥിരസമതി അധ്യക്ഷന്മാരുടെ ഒഴിവുള്ള വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ചേര്‍ന്നു. ഇതില്‍ ഭരണപക്ഷ മെമ്പര്‍മാര്‍ 18 പേര്‍ ഹാജരാവുകയും യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."