പിന്നാക്ക വിഭാഗങ്ങളുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നു: കമ്മിഷന്‍
കോഴിക്കോട്: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ നല്‍കുന്ന പരാതികളില്‍ പൊലിസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാലതാമസം വരുത്തുകയാണെന്ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ ഗോത്ര കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി. കലക്ടറേറ്റില്‍ നടത്തിയ അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതികളില്‍ കാലതാമസം വരുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്.
അദാലത്തില്‍ 65 കേസുകള്‍ പരിഗണിച്ചതായും 40 കേസുകള്‍ തീര്‍പ്പാക്കിയതായും അദ്ദേഹം അറിയിച്ചു. 28 പുതിയ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. താമരശേരി താലൂക്കിലെ പനങ്ങാട് വില്ലേജില്‍ പട്ടികജാതി വിഭാഗങ്ങളുടെ നാലര ഏക്കര്‍ ശ്മശാനം സ്വകാര്യവ്യക്തികള്‍ കൈയേറിയെന്ന പരാതി അന്വേഷിക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടു.
ഹയര്‍ സെക്കന്‍ഡറി വകുപ്പ്, ചരിത്രവിഭാഗം അധ്യാപകരുടെ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിയമനം നടത്തുന്നില്ലെന്ന ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ വകുപ്പില്‍നിന്ന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് കമ്മിഷന്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വകുപ്പുതലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ മേഖലയിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സ്വരൂപിക്കാന്‍ മൂന്ന് റിട്ടയേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
അദാലത്തില്‍ കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി, ജില്ലാ കലക്ടര്‍ യു.വി ജോസ്, ജില്ലാ പൊലിസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍, കമ്മിഷന്‍ അംഗങ്ങളായ എസ്. അജയകുമാര്‍, പി.ജെ സിജ എന്നിവരാണ് പരാതികള്‍ പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."