ചോര മണം മാറാതെ ദേശീയപാത
ചാവക്കാട്: ദേശീയപാതയില്‍ ചോര മണം മാറുന്നില്ല, ചോരക്കറ അധികൃതര്‍ കാണുന്നില്ല. ഈ മാസം മാത്രം അഞ്ചു പേരുള്‍പ്പടെ ജനുവരി മുതല്‍ ഇതുവരെ ജീവന്‍ പൊലിഞ്ഞത് 17 പേര്‍ക്ക്. വാഹനാപകട മരണങ്ങള്‍ പതിവാകുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ല. ദേശീയ പാതയില്‍ ചാവക്കാട് മുതല്‍ പുതുപൊന്നാനി വരേയുള്ള മേഖലയിലാണ് അപകടങ്ങള്‍ പതിവാകുന്നത്.
ഇതിലേറേയും ചാവക്കാട് അണ്ടത്തോട് വരേയുള്ള ചാവക്കാട് വടക്കേക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലും. ദേശീയ പാതയില്‍ അണ്ടത്തോട് സെന്ററില്‍ ഇന്നലെ സംസാരിച്ചു നിന്ന ആള്‍ക്കൂട്ടത്തിലേക്ക് നിയന്ത്രണം തെറ്റിയ വാന്‍ ഇടിച്ച് മരിച്ച അണ്ടത്തോട് കോഞ്ചാടത്തു മൊയ്തുവിന്റെ മകന്‍ നൗഫലാണ്( 24 ) ഏറ്റവുമൊടുവില്‍ ജീവന്‍ പൊലിഞ്ഞ യുവാവ്. ഈ മാസം മാത്രം അഞ്ച് പേരാണ് മരിച്ചത്. ഇതില്‍ ആദ്യത്തേത്ത് തിരുവത്ര കുഞ്ചേരി പരേതനായ പുത്തന്‍പുരയില്‍ അബ്ബാസ് മകന്‍ അജ്മല്‍ (18) ആയിരുന്നു. മണത്തല ബേബി റോഡിനു സമീപമാണ് സംഭവം. ബൈക്കില്‍ കൂട്ടുകാരനുമൊത്തുള്ള യാത്രയിലായിരുന്നു അജ്മല്‍. എതിരേ വന്ന ബൈക്കിലിടിച്ച് നിയന്ത്രണം തെറ്റിയാണ് അപകടം. പിന്നീട് 16ന് രാത്രി പാലപ്പെട്ടി പുതിയിരുത്തി സ്‌കൂള്‍പ്പടിക്ക് പടിഞ്ഞാറ് പൊന്നാക്കാരന്‍ മുഹമ്മദ് മകന്‍ കുഞ്ഞുമുഹമ്മദ് (40) മരിച്ചതും ബൈക്കപടത്തെ തുടര്‍ന്നായിരുന്നു.
അകലാട് പള്ളിക്ക് സമീപം ഹൈവേ പൊലീസിന്റെ വാഹന പരിശോധനയില്‍ നടുറോഡില്‍ പിടിച്ചിട്ട കണ്ടെയിനറിന്റെപിറകിലിടിച്ചാണ് അപകടം. പിന്നീട് കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയില്‍ കുടുംബം സഞ്ചരിച്ച കാറപകടത്തിലായി മരിച്ചത് ഉപ്പയും മകനുമായിരുന്നു. മലപ്പുറം കോട്ടക്കലിനു സമീപം കുറ്റിപ്പുറം ആലിക്കര സ്വദേശികളായ പുത്തന്‍പീടിയന്‍ അബ്ദുറഹ്മാന്‍ (55), മകന്‍ ഷാഫി (26) എന്നിവരാണ് മരിച്ചത്. അയിനിപ്പുള്ളിയില്‍ നിയന്ത്രണം വിട്ട് ഇവര്‍ സഞ്ചരിച്ച കാറ് എതിരേ വന്ന ടെമ്പോ വാനിലിടിച്ചാണ് അപകടം.
ഈ വര്‍ഷം പിറന്നതിനു ശേഷംജനുവരിയില്‍ ഏഴ് മുതലാണ് ദേശീയ പാതയില്‍ ഈ വര്‍ഷത്തെ അപകട പരമ്പര ആരംഭിക്കുന്നത്. അന്ന് നടന്ന അപകടത്തില്‍ എടക്കര ഒറ്റയിനി റോഡില്‍ മാമ്പുള്ളി വാസുവിന്റെ മകന്‍ വിവാസ് (20), അകലാട് അമ്പാല നായാടി കോളനി തലപ്പുള്ളി മോഹനന്റെ മകന്‍ ഷെയ്ബാജി (37) എന്നിവരാണ് മരിച്ചത്. വിവാവ് അപകടം നടന്നയുടനേയും ഷെയ്ബാജി ചികിത്സയില്‍ കഴിയുമ്പോഴുമാണ് മരിച്ചത്.
സമാന രീതിയിലാണ് ഫിബ്രുവരി 18ന് തിരുവത്ര അതിര്‍ത്തി പെട്രോള്‍ പമ്പ് പരിസരത്തുണ്ടായ അപകടത്തെ തുടര്‍ന്ന് വെളിയംങ്കോട് സ്വദേശികളായ കറുപ്പം വീട്ടില്‍ അഷ്‌ക്കറലി തങ്ങളുടെ മകന്‍ മുഹമ്മദ് റഈസ് തങ്ങള്‍ (21), പരേതനായ കുട്ട്യാട്ടില്‍ ഷംസുവിന്റെ മകന്‍ ഷുക്കൂര്‍ (23) എന്നിവര്‍ മരിച്ചു. ഫിബ്രുവരി ഒന്നിന് പ്രഭാത സവാരിക്കിറങ്ങിയ മന്ദലാംകുന്ന് കിണറിനു കിഴക്ക് പെരുവഴിപ്പുറത്ത് സിദ്ദിഖിന്റെ ഭാര്യ ആച്ചുമ്മു (56) ചരക്ക് ലോറി ഇടിച്ചാണ് മരിച്ചത്. പിന്നീട് ഫിബ്രുവരി എട്ടിന് പഞ്ചവടിയില്‍ ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തെക്കേ പുന്നയൂര്‍ പറയിരിക്കല്‍പറമ്പ് ചങ്ങന്‍കുഴി രവീന്ദ്രനും (65) മരിച്ചു.
ഇതിനിടയില്‍ ദേശീയ പാത പൊന്നാനിക്കും ചാവക്കാടുമായി വെളിയങ്കോടും പാലപ്പെട്ടിയിലും വിവിധ അപകടങ്ങളിലായി ഇഖ്ബാല്‍ (50), അലി (56), ഹംസ (65) എന്നിവരും മരിച്ചിട്ടുണ്ട്. പിന്നീട് മാര്‍ച്ച് 15ന് എടക്കഴിയൂരില്‍ പുത്തനത്താണി ആതവനാട് കുറുമ്പത്തൂര്‍ സ്വദേശി ഞാരക്കാട്ട് വീട്ടില്‍ സുധാകരന്‍ (52) മരിച്ചത് കണ്ടെയ്‌നര്‍ ലോറിക്കടയില്‍ പെട്ടായിരുന്നു. സുധാകരന്റെ രക്തക്കറ റോഡില്‍ നിന്ന് മാറും മുമ്പേ പിറ്റേ ദിവസം തന്നെ വെളിയങ്കോട് കിണര്‍ പരിസരത്ത് അകലാട് ബദര്‍ പള്ളി കോവുമ്മത്തറയില്‍ കുറ്റിയാട്ടയില്‍ ഫാത്തിമയും ഭര്‍ത്താവ് കുഞ്ഞിമുഹമ്മദും (55) ബൈക്കപടകത്തില്‍ മരിച്ചു. ഈ മാസം എട്ട് മുതല്‍ ഇതുവരെയുള്ള പതിനാല് ദിവസത്തിനുള്ളില്‍ മാത്രം വിവിധ അപകടങ്ങളിലായി നാല് പേരാണ് മരിച്ചത്. ഈ മരണങ്ങള്‍ കൂടാതെ ദേശീയ പാതയില്‍ അപകടങ്ങള്‍ പതിവാണ്. കയ്യും കാലും മുറിഞ്ഞും തലക്ക് പരുക്കു പറ്റിയും നിരവധി പേരാണ് ചികിത്സയിലുള്ളത്. അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ കുറക്കാനുള്ള ഒരു നടപടിയും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സ്‌കൂള്‍ അവധിക്കാലവും മഴക്കാലവും അപകടങ്ങള്‍ വര്‍ധനവുണ്ടാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."