പുതിയ മൂന്നിനം പയര്‍വിത്തുകള്‍; പ്രദര്‍ശനത്തോട്ടങ്ങള്‍ വിളവെടുപ്പിനൊരുങ്ങി
പട്ടാമ്പി: പട്ടാമ്പി കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ച മൂന്നിനം പയര്‍വിത്തുകളുടെ കൃഷി, പ്രദര്ശനത്തോട്ടങ്ങളില് വിളവെടുപ്പിനൊരുങ്ങുന്നു. മികച്ചവിള ലഭിച്ചാല്‍ ഈവര്‍ഷംതന്നെ വിത്തുകള്‍ കര്‍ഷകരിലേക്കെത്തും. അത്യുത്പാദശേഷിയുള്ള വിത്തുകളാണിവ. മൂന്നുജില്ലകളിലെ പ്രദര്ശനത്തോട്ടങ്ങളിലാണ് വിത്തുകളുടെ വിളപരീക്ഷണം നടക്കുന്നത്. പി.ജി.സി.പി. 23, പി.ടി.ബി.സി.പി. 4, കെ.ബി.സി. 4 എന്നിവയാണ് പട്ടാമ്പി കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത മൂന്നിനം പയര്‍വിത്തുകള്‍. മൂന്നുവര്‍ഷം കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ നടത്തിയ പരീക്ഷണത്തില്‍ മികച്ചവിള ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത് കര്‍ഷകരുടെ പാടശേഖരങ്ങളിലെ പ്രദര്ശനത്തോട്ടങ്ങളില് ഇറക്കിയിട്ടുള്ളത്. പട്ടാമ്പി ശങ്കരമംഗലം, കൊടല്ലൂര്‍, തൃത്താല, ആനക്കര, ഒറ്റപ്പാലം, മലപ്പുറം ജില്ലയിലെ പുലാമന്തോള്‍, തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ തുടങ്ങിയിടങ്ങളിലെ പാടശേഖരങ്ങളിലാണ് ഇവ കൃഷിചെയ്തിരിക്കുന്നത്. പട്ടാമ്പിയില്‍ വികസിപ്പിച്ചെടുത്ത കനകമണി പയര്വിത്തിനൊപ്പമാണ് പുതിയ വിത്തിനകളും ഇറക്കിയിട്ടുള്ളത്. കനകമണിയേക്കാള് മികച്ചവിള പ്രദര്ശനത്തോട്ടങ്ങളില് ലഭിച്ചാല്‍ പുതിയ വിത്തിനങ്ങള്‍ കര്‍ഷകരിലേക്ക് ഈവര്‍ഷംതന്നെ എത്തിക്കുമെന്ന് പട്ടാമ്പി കാര്‍ഷികഗവേഷണകേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ എസ്.എം. പുരുഷോത്തമന് പറഞ്ഞു. പി.ടി.ബി.സി.പി. 4 എന്ന ഇനം പയര്‍വിത്ത് അനശ്വര-ഭാഗ്യലക്ഷ്മി വിത്തുകള്‍ ഗ്രാഫ്റ്റുചെയ്ത് ഉണ്ടാക്കിയതാണ്. തോരനുപയോഗിക്കാവുന്ന പയറിനംകൂടിയാണിത്. പി.ജി.സി.പി. 23 ഇനം പയര്‍വിത്തിന് 55 ദിവസം മൂപ്പാണ് വേണ്ടിവരുന്നത്. രണ്ടാംവിളയ്ക്കുശേഷം ഇത് പാടശേഖരങ്ങളില്‍ കൃഷിചെയ്യാവുന്നതാണ്. കെ.ബി.സി. 4 വിത്തിനം സെപ്റ്റംബര്‍ മാസത്തില്‍ ഇറക്കാവുന്ന ഇനമാണ്. പയര്കൃഷിയിലെ കീടബാധയ്ക്കുള്ള രോഗപ്രതിരോധ മാര്‍ഗങ്ങളും പ്രദര്ശനത്തോട്ടങ്ങളില് വിജയകരമായിത്തന്നെ നടപ്പാക്കാന്‍ കഴിഞ്ഞെന്നും എസ്.എം. പുരുഷോത്തമന് പറഞ്ഞു. പ്രദര്ശനത്തോട്ടങ്ങളില് അടുത്തയാഴ്ച വിളവെടുപ്പ് ആരംഭിക്കും. നല്ലവിളയുണ്ടെന്നാണ് പ്രദര്ശനത്തോട്ടങ്ങളിലെ കര്‍ഷകരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."