വയോധികന്റെ മരണം: മകന്‍ അറസ്റ്റില്‍
കൂത്തുപറമ്പ്: വേങ്ങാട് ദുരൂഹ സാഹചര്യത്തില്‍ 65കാരന്‍ മരണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസില്‍ മകനെ പൊലിസ് അറസ്റ്റു ചെയ്തു. വേങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ വളയങ്ങാടന്‍ ചന്ദ്രന്‍(65) മരണപ്പെട്ട സംഭവത്തിലാണ് മകന്‍ നിജിലി(34)നെ കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. വീട്ടില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ നിജില്‍ പിതാവ് ചന്ദ്രനെ മൂര്‍ച്ചയേറിയ പട്ടിക കഷ്ണം കൊണ്ടടിച്ച് തലയ്ക്ക് പരുക്കേല്‍പിക്കുകയായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. മറ്റൊരു മരക്കഷ്ണം കൊണ്ട് അടിച്ചതിനാല്‍ ചന്ദ്രന്റെ കാലിന്റെ എല്ലും പൊട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നിജില്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഓട്ടോറിക്ഷയില്‍ ചന്ദ്രനെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
അല്‍പസമയത്തിനകം ചന്ദ്രന്‍ മരിച്ചു. സംഭവസമയം ഇരുവരും മദ്യപിച്ചിരുന്നതായും പൊലിസിന് വ്യക്തമായിട്ടുണ്ട്. അബദ്ധത്തില്‍ വീണു പരുക്കേറ്റതാണെന്നായിരുന്നു ഇതു സംബന്ധിച്ച് നിജില്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ ആഴത്തിലേറ്റ മുറിവിന്റെ അസ്വാഭാവികത കണ്ട് ആശുപത്രി അധികൃതര്‍ പൊലിസില്‍ വിവരമറിയിച്ചതോടെ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ബുധനാഴ്ച രാത്രി നിജിലിനെ പൊലിസ് ചോദ്യം ചെയ്തതോടെ ചന്ദ്രന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു.
ചന്ദ്രന്റെ രണ്ടാമത്തെ ഭാര്യയിലുള്ള മകനാണ് നിജില്‍. മറ്റൊരു ഭാര്യയോടൊപ്പം ശിവപുരത്തായിരുന്നു മിക്ക ദിവസങ്ങളിലും ചന്ദ്രന്‍ താമസിച്ചുവന്നത്.
ഇവരുമായുണ്ടായ പിണക്കത്തെ തുടര്‍ന്ന് വിഷു ദിവസം മുതല്‍ ചന്ദ്രന്‍ വേങ്ങാട്ടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇരുവരും മദ്യപിച്ചതിനെ തുടര്‍ന്ന് ചന്ദ്രന്‍ നിജിലിന്റെ മാതാവിനെകുറിച്ച് നടത്തിയ മോശം പരാമര്‍ശത്തിന്റെ പേരില്‍ ഇരുവരും വാക്കേറ്റമുണ്ടായി.
ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. അവിവാഹിതനായ നിജില്‍ ബസ് ഡ്രൈവറായും ലോറിയില്‍ ലോഡിങ് തൊഴിലാളിയായും ജോലിചെയ്തുവരികയായിരുന്നു.
അഞ്ചു വര്‍ഷക്കാലം ആര്‍മിയിലും ജോലി ചെയ്തിരുന്നു. 2011ല്‍ അവധിക്കു വന്ന ഇയാള്‍ പിന്നീട് തിരിച്ചുപോയില്ല.
അറസ്റ്റിലായ നിജിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ കൊലപാതക കുറ്റം ചുമത്തി പൊലിസ് ഇന്നലെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."