വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ട് ഉപേക്ഷിച്ചു!
തിരൂരങ്ങാടി: ചെമ്മാട്ടുനിന്നു തട്ടിക്കൊണ്ടുപോയ മദ്‌റസാ വിദ്യാര്‍ഥിനിയെ ആഭരണം കവര്‍ന്ന ശേഷം കോഴിക്കോട്ട് ഉപേക്ഷിച്ചു. ചെമ്മാട് കൊടിഞ്ഞി റോഡ് ബാപ്പുട്ടി ഹാജി നഗറില്‍ താമസിക്കുന്ന ഏഴു വയസുകാരിയെയാണ് ഇന്നലെ രാവിലെ കാണാതായത്.
രാവിലെ 6.45നു വീട്ടില്‍നിന്നു വിളിപ്പാടകലെയുള്ള മണ്ണാടിപറമ്പ് ഖിദ്മത്തുല്‍ ഇസ്‌ലാം എ ബ്രാഞ്ച് മദ്‌റസയിലേക്കു പുറപ്പെട്ടതായിരുന്നു വിദ്യാര്‍ഥിനി. യാത്രാമധ്യേ ഹെല്‍മറ്റ് ധരിച്ച പര്‍ദ വേഷധാരി കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ മദ്‌റസയില്‍ എത്തിയിട്ടില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.
തുടര്‍ന്നു വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഉടനെ തിരൂരങ്ങാടി പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി രാവിലെ പത്തിനു കോഴിക്കോട്ടുനിന്നു സഹദേവന്‍ എന്നൊരാള്‍ കുട്ടിയുടെ പിതാവിന്റെ ഫോണില്‍ വിളിച്ചു വിവരമറിയിക്കുകയും ഇയാള്‍ കുട്ടിയെ മെഡിക്കല്‍ കോളജ് പൊലിസിനു കൈമാറുകയും ചെയ്തു. തുടര്‍ന്നു പിതാവും ബന്ധുക്കളും കുട്ടിയെ തിരിച്ചുകൊണ്ടുവരികയായിരുന്നു. കുട്ടിയുടെ കൈയിലണിഞ്ഞിരുന്ന മുക്കാല്‍ പവന്റെ സ്വര്‍ണ വള കവര്‍ന്നിട്ടുണ്ട്. ഇതു കൈയില്‍നിന്നു മുറിച്ചെടുത്തിരിക്കുകയാണ്. ഉമ്മയെ ആശുപത്രിയിലാക്കിയിട്ടുണ്ടെന്നും അങ്ങോട്ടു പോകുകയാണെന്നും പറഞ്ഞു സ്‌കൂട്ടറില്‍ കൊണ്ടുപോകുകയായിരുന്നെന്നാണ് ബാലിക പറയുന്നത്. ആദ്യം സ്‌കൂട്ടറിലും പിന്നീട് ബസിലുമായിരുന്നുവത്രേ യാത്ര. വഴിയില്‍വച്ചാണ് ആഭരണം കവര്‍ന്നത്. കുട്ടിക്കു പിതാവിന്റെ ഫോണ്‍ നമ്പര്‍ മനഃപാഠമായതിനാലാണ് സഹദേവനു ബന്ധുക്കളെ വിവരമറിയിക്കാനായത്.
തട്ടിക്കൊണ്ടുപോയ ആള്‍ കൊടിഞ്ഞി ഭാഗത്തുനിന്നു വരുന്നതും കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി വെഞ്ചാലി കോണ്‍ക്രീറ്റ് റോഡ് വഴി കൊണ്ടുപോകുന്നതുമാണ് സി.സി ടി.വിയില്‍ പതിഞ്ഞിട്ടുള്ളത്. മോഷണമാണ് ലക്ഷ്യമെങ്കില്‍ വിജനമായ വെഞ്ചാലിയില്‍ ഉപേക്ഷിക്കാമായിരുന്നിട്ടും മെഡിക്കല്‍ കോളജില്‍ എത്തിച്ചതും മറ്റ് ആഭരണങ്ങള്‍ എടുക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് അവയവ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നാണ് പൊലിസിന്റെ സംശയം. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ തിരൂരങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."