തമിഴ്നാട്ടില്‍നിന്നു കടത്തിയ 35 ചാക്ക് റേഷനരി പിടികൂടി
നിലമ്പൂര്‍: തമിഴ്നാട്ടില്‍നിന്നു ജില്ലയിലേക്കു കടത്തുകയായിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ 35 ചാക്ക് റേഷനരി പൊലിസ് പിടികൂടി. വഴിക്കടവ് ആനമറിയില്വച്ചാണ് പുലര്‍ച്ചെ ഒന്നരയോടെ പട്രോളിങ്ങിനിടെ എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പിക്കപ്പ് വാഹനം പിടികൂടിയത്. ഇതു കൊണ്ടുവന്ന രണ്ടുപേര്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
പരിശോധനയില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ വ്യാജമാണെന്നു കണ്ടെത്തി. കേരളാ രജിസ്ട്രേഷനിലുള്ള വണ്ടിക്കു നമ്പര്‍ പ്ലേറ്റിനു മുകളില്‍ തമിഴ്നാട് രജിസ്ട്രേഷനിലുള്ള നമ്പറാണ് ഒട്ടിച്ചിരിക്കുന്നത്. ചാക്കരിയും പച്ചരിയുമാണ് എഫ്.സി.ഐ മുദ്രയുള്ള പ്ലാസ്റ്റിക് ചാക്കുകളില്‍ ഉണ്ടായിരുന്നത്. നീലഗിരി ഭാഗത്തു തമിഴ്നാട് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന അരിയാണ് ഇത്തരത്തില്‍ കടത്തിയതെന്നാണ് നിഗമനം.
സ്ഥിരമായി അരി കടത്തുന്ന വളാഞ്ചേരിയില്‍നിന്നുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്. തമിഴ്നാടിന്റെയും കേരളത്തിന്റെയും വിവിധ ചെക് പോസ്റ്റുകള്‍ കടന്നാണ് യാതൊരു തടസവുമില്ലാതെ റേഷനരി കടത്തുന്നത്. വണ്ടിയില്‍നിന്നു ലഭിച്ച മൊബൈല്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. പ്രതികളെക്കുറിച്ചു പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
പൊലിസ് വിവരം നല്കിയതനുസരിച്ചു സിവില്‍ സപ്ലൈസ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തമിഴ്നാട് അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.
അരി സിവില്‍ സപ്ലൈസ് വകുപ്പിനു കൈമാറും. വാഹനം കോടതിയില്‍ ഹാജരാക്കുമെന്നും എസ്.ഐ പറഞ്ഞു. എസ്.ഐക്കു പുറമേ എ.എസ്.ഐ സിബിച്ചന്, സീനിയര്‍ സി.പി.ഒ മുജീബ് റഹ്മാന് എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."