തൂക്കുമരം കാട്ടിയാല്‍ മാത്രം ബാലികാപീഡനം അവസാനിക്കുമോ
ബാലികാപീഡന നിരോധന ബില്‍ നല്ല നീക്കം തന്നെ. എന്നാല്‍ കാലതാമസം കൂടാതെ കേസുകള്‍ തീര്‍പ്പാക്കാന്‍ നമുക്കു സാധിക്കുമോ?
നീതി വൈകിക്കുന്നത് നീതി നിഷേധിക്കലാണ്. നീതിന്യായ വ്യവസ്ഥയിലെ പ്രസിദ്ധമായ ഒരു ചൊല്ലാണത്. ഏത് നിയമനിര്‍മാണം വരുമ്പോഴും ശ്രദ്ധിക്കപ്പെടേണ്ട ആപ്തവാക്യം. എന്നാല്‍ നീതിക്കു വേണ്ടി കോടതി കയറുന്നവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും അനുഭവം മറിച്ചാണ്. കേസിനു ഹാജരാവുന്ന ഓരോ അവസരത്തിലും ഓരോ കാരണത്തിന്റെ പേരില്‍ കേസ് നീട്ടിവച്ചിരിക്കുന്നു എന്ന് അറിയിപ്പ് കേട്ട് മടങ്ങാന്‍ വിധിക്കപ്പെട്ടവരാണവര്‍.
പ്രഗത്ഭനായ ഒരു അഭിഭാഷകന്റെ കഥയുണ്ട്. പത്തു മുപ്പതു വര്‍ഷക്കാലം കോടതിയില്‍ പ്രാക്ടീസ് ചെയ്ത് പേരെടുത്ത വക്കീല്‍. അദ്ദേഹം നഗരത്തില്‍ ഏറെ സ്വത്തുക്കള്‍ സമ്പാദിച്ച ധനികനായി. പൊതുവേദികളിലെല്ലാം ആദരിക്കപ്പെടുന്ന മാന്യനായി. അദ്ദേഹത്തെ പിന്‍പറ്റി മകനും നിയമ പഠനത്തിനിറങ്ങി. ഒരു വിധം നല്ല മാര്‍ക്കോടെ നിയമ ബിരുദമെടുത്തു. അഭിഭാഷകനായി എന്റോള്‍ ചെയ്തു. അതിനിടയില്‍ പിതാവ് റിട്ടയര്‍ ചെയ്തു കഴിഞ്ഞിരുന്നു. വക്കീല്‍ പണിയൊക്കെ നിര്‍ത്തി സ്വസ്ഥമായി വീട്ടില്‍ കഴിയുന്ന പിതാവ് ബാക്കിവച്ച കേസുകളില്‍ ഒന്ന് ഏറ്റെടുത്ത് മകന്‍ എത്തി. ആദ്യത്തെ കേസിനു ഹാജരാകാന്‍ പോകുമ്പോള്‍ ആശിര്‍വദിച്ചുവിട്ട അച്ഛന്‍, മകന്‍ തിരിച്ചുവന്നപ്പോള്‍ എന്തായി കേസ് എന്നന്വേഷിച്ചു. മകന്‍ അഭിമാനത്തോടെ പറഞ്ഞു: 'ആദ്യ കേസ് തന്നെ ജയിച്ചു. എതിര്‍കക്ഷിക്കു ജയില്‍ശിക്ഷ തന്നെ കിട്ടി.''
അച്ഛന്‍:'പൊന്നുമോനെ. ഒരു അഞ്ചാറു തവണയെങ്കിലും കേസ് നീട്ടിവച്ചിട്ടു പോരായിരുന്നോ ഈ ജയം. അതിലല്ലേ ഒരു യുവ അഭിഭാഷകന്റെ വിജയം?''
കേസുകള്‍ നീട്ടിവക്കുന്നതോടെ നീതി നിഷേധിക്കപ്പെടുകയാണെന്നതിനു ഉദാഹരണങ്ങള്‍ അധികം തെരഞ്ഞൊന്നും പോകേണ്ടതില്ല. നമ്മുടെ ചുറ്റും തന്നെ എത്ര അനുഭവങ്ങള്‍.
വധക്കേസില്‍ റിമാന്‍ഡിലാവുന്ന പ്രതികളോടു പോലും ദിവസങ്ങള്‍ കഴിയുംതോറും സമൂഹത്തിനു അനുകമ്പയല്ലേ തോന്നുന്നത്. ഗാന്ധി വധക്കേസായാലും രാജീവ് ഗാന്ധി വധക്കേസായാലും മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞു തീരുന്നതോടെ അനുകമ്പ തരംഗം സൃഷ്ടിക്കപ്പെടുന്നത് പ്രതികള്‍ക്കു അനുകുലമായാണ്. പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ഓടുന്ന വണ്ടിയില്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിക്കുവേണ്ടി പോലും എത്ര പേരാണ് അനുകൂലികളായി എത്തിയത്. ബാബറി മസ്ജിദ് ധ്വംസനക്കേസും ഗോധ്ര കലാപവും എല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞും ഇഴഞ്ഞു നീങ്ങുമ്പോള്‍ അവയുടെ ഗൗരവ സ്വഭാവത്തില്‍ തന്നെ വെള്ളം ചേര്‍ക്കപ്പെടുന്നു.
ഏതെങ്കിലും കാലത്ത് നീതി ലഭ്യമാക്കിക്കൊടുക്കാം എന്ന നിലയില്‍ നിയമ നിര്‍മാണത്തിനൊരുങ്ങിയാല്‍ അത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. കഴിഞ്ഞാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുവന്ന ഒരു വാര്‍ത്ത ബലാല്‍സംഗക്കേസിലെ പ്രതിയെ മരണാനന്തരം കുറ്റവിമുക്തനാക്കി എന്നായിരുന്നു. ഭാര്യാസഹോദരിയെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊന്നുവെന്ന കേസില്‍ ജയില്‍വാസം വരിക്കേ മരണപ്പെട്ട പിതാവിനു വേണ്ടി മകനാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ഇത് ഇത്രയും ഇപ്പോള്‍ പറയാന്‍ കാരണം കേന്ദ്രഗവണ്‍മെന്റ് കൊണ്ടുവന്നിരിക്കുന്ന പുതിയ ഓര്‍ഡിനന്‍സിന്റേയും നിയമത്തിന്റേയും പശ്ചാത്തലത്തിലാണ് ബാലികാപീഡനത്തിനെതിരായ ഭേദഗതി ബില്‍.
ജമ്മു കശ്മീരിലെ കത്‌വയില്‍ ആട് മേയ്ക്കാന്‍ ഇറങ്ങിയ എട്ടു വയസുകാരിയെ കൂട്ടമായി ബലാല്‍സംഗം ചെയ്യുകയും നിഷ്ഠൂരമായി കൊല്ലുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രം കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമം കൊണ്ടുവന്നത്. പന്ത്രണ്ടു വയസിനു താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലാണിത്. ഇത്തരം കേസുകളില്‍ അന്വേഷണവും വിചാരണയും വേഗത്തിലാക്കുക എന്നും ഭേദഗതി ബില്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള വഴി എന്താണെന്നു വ്യക്തമല്ല.
ഓര്‍ഡിന്‍സ് ഇറങ്ങിയ ദിവസം തന്നെ ഇത്തരം ഹീനകൃത്യങ്ങള്‍ ഒന്നിലധികം സ്ഥലങ്ങളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
ഒഡീഷയിലെ കട്ടക്കില്‍ ബിസ്‌കറ്റ് വാങ്ങാന്‍ പോയ ആറു വയസുകാരി ക്രൂരമായ പീഡനത്തിനിരയായി. മരിച്ചുവെന്നു കരുതി ഉപേക്ഷിച്ചപ്പോഴാണ് ഒടുവില്‍ ആശുപത്രിയിലെത്തിയത്. ഹരിയാനയില്‍ സഹോദരങ്ങളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പതിമൂന്നുകാരിയെ നാലു പേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന വാര്‍ത്തയും അന്നുതന്നെയാണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ കനൗജില്‍ പതിനൊന്നു വയസുകാരി പീഡിപ്പിക്കപ്പെട്ടതും മുസഫര്‍നഗറില്‍ തലവേദനക്ക് ചികിത്സക്കെത്തിയ പതിമൂന്നുകാരിയെ മൂന്നു ദിവസം ക്ലിനിക്കില്‍ മയക്കികിടത്തി ഡോക്ടര്‍ പീഡിപ്പിച്ചതും മൊറാദാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയതും അന്നുതന്നെ വന്ന വാര്‍ത്തയുമാണ്.
കേരളവും സംഗതികള്‍ മോശമാക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ഈറോഡില്‍ നിന്നു ലഭിച്ച വാര്‍ത്ത. തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസില്‍ ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു കേരള ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് അറസ്റ്റിലായത്.
സ്ത്രീകളോട് നന്നായി പെരുമാറാന്‍ കുട്ടികളെയും പഠിപ്പിക്കണമെന്ന ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തുന്നത് പോലെ മാധ്യമങ്ങള്‍ക്കു വേണ്ടിയുള്ള മസാല വിളമ്പലുകളല്ല ഇവ ഒന്നും. സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകളില്‍പെട്ടവരെന്നു തെരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ പതിനൊന്നു പേര്‍ ബി.ജെ.പി എം.പിമാരുണ്ടെന്ന നാഷനല്‍ ഇലക്ഷന്‍ വാച്ച് എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ ഇതില്‍ അത്ഭുതമില്ല.
ഏത് വലിയ കുറ്റകൃത്യമായാലും വധശിക്ഷ ഒഴിവാക്കണമെന്നു വാദിക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലഘട്ടത്തില്‍ വധശിക്ഷകൊണ്ട് ബലാല്‍സംഗങ്ങള്‍ കുറക്കാനാകുമോ എന്നു ഡല്‍ഹി ഹൈക്കോടതി പോലും ചോദ്യം ഉന്നയിക്കുന്നുണ്ട്.
എന്നാല്‍ കേരളത്തില്‍ മാനഭംഗത്തിനു ഇരയാകുന്ന കുട്ടികളില്‍ 21 ശതമാനവും പന്ത്രണ്ടു വയസിനു ചുവടെയുള്ളവരാണെന്നു നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വെളിപ്പെടുത്തുന്നു. 2016-ല്‍ ഇത്തരം 785 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 42 കുട്ടികളും ആറു വയസില്‍ താഴെയുള്ളവരാണ്.
പന്ത്രണ്ടു വയസ് പ്രായപരിധി വച്ച് പോക്‌സോ എന്ന ഈ ബാലികാ സംരക്ഷണ നിയമം ഭേദഗതി ചെയ്തപ്പോള്‍ അതിനപ്പുറത്തേക്കുള്ള മാനഭംഗങ്ങള്‍ക്കു 'ക്ലീന്‍ ചിറ്റ്' നല്‍കലാവില്ലേ? ഇപ്പോള്‍ തന്നെ ഇത്തരം കേസുകളില്‍ മിക്കവയും തെളിവില്ല എന്ന കാരണം പറഞ്ഞു തള്ളുകയാണ് പതിവ്. പോക്‌സോ നിയമപ്രകാരം 2017 വരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 5800 കേസുകളില്‍ 900 എണ്ണവും ജില്ലാ കോടതികളില്‍ നിന്നു തള്ളപ്പെടുകയാണുണ്ടായത്.
പുതിയ ഭേദഗതി പ്രകാരം ഉടന്‍ വിചാരണ എന്നും ഉടന്‍ നീതി എന്നും പറയുന്നുണ്ടെങ്കിലും പ്രതിഭാഗം ചേരാന്‍ എത്രയോ അഭിഭാഷകര്‍ സന്നദ്ധരായി നില്‍ക്കുമ്പോള്‍ അതെങ്ങനെ എളുപ്പത്തില്‍ സാധിക്കും എന്നതാണ് ശരിയായ പ്രശ്‌നം. പീഡനങ്ങള്‍ക്കിരയാകുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് എങ്ങനെ പൊലിസിലും കോടതിയിലും തെളിവ് നല്‍കാന്‍ ഒക്കും. ഇത്തരം ഹീനകൃത്യങ്ങള്‍ക്കിറങ്ങുന്നവര്‍ ചെലുത്തുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനങ്ങളെ മറികടക്കാന്‍ ഹതഭാഗ്യര്‍ക്കു കഴിയുമോ? രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ തന്നെ കോടതികളിലെത്താനുള്ള കാലതാമസവും നമുക്കു കാണാതിരുന്നകൂടാ. 2016 വരെ 3655 പോക്‌സോ കേസുകള്‍ കേരളത്തില്‍ കോടതികള്‍ക്കു മുമ്പിലുണ്ട് എന്നു അറിയുമ്പോള്‍ നിയമത്തിന്റെ നൂലാമാലകളില്‍ നിന്ന് മോചനം അത്ര എളുപ്പമല്ല. അതിവേഗ കോടതികള്‍, അന്വേഷണത്തിനു രണ്ടു മാസം കാലാവധി, പ്രതികള്‍ക്കുള്ള ജാമ്യ നിഷേധം എന്നീ വകുപ്പുകള്‍ പുതിയ ഓര്‍ഡിനന്‍സില്‍ ആശ്വാസകരമാണെങ്കിലും അത് എത്രമാത്രം ഫലപ്രദമാകുമെന്നു കണ്ടുതന്നെ അറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."