ജനങ്ങളുടെ മന്‍ കി ബാത്താണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്ന് രാഹുല്‍
ബംഗളൂരു: കര്‍ണാടക ജനതയുടെ മന്‍ കി ബാത്താണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ജനഹിതമറിഞ്ഞുകൊണ്ടുള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയിട്ടുള്ളത്.
കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ പറഞ്ഞ കാര്യങ്ങളില്‍ 95 ശതമാനവും നടപ്പാക്കിയതായും രാഹുല്‍ പറഞ്ഞു. ബി.ജെ.പിയുടെ പ്രകടനപത്രിക ഖനി രാജാക്കന്മാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടിയുള്ളതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
കാര്‍ഷിക- വിദ്യാഭ്യാസ- വ്യാവസായിക വികസനം ലക്ഷ്യമിടുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. ഐ.ടി അധിഷ്ടിത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയിലടക്കമുള്ള വികസന പദ്ധതികളും വിദ്യാഭ്യാസ മേഖലയുടെ വികസനവും ഭാഷയുടെ പരിപോഷണവും പ്രകടനപത്രിക പ്രത്യേകം പരാമര്‍ശിക്കുന്നു.
കേവലം വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രകടനപ്രതിക കോണ്‍ഗ്രസ് പുറത്തിറക്കാറില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന്റെ തെളിവാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പുറത്തിറക്കിയ പ്രകടനപത്രിക. കോണ്‍ഗ്രസിന്റെ പത്രിക ജനങ്ങളില്‍നിന്ന് സമാഹരിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തയാറാക്കിയത്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പ്രകടന പത്രികയുടെ ആദ്യ കോപ്പി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ പുജാരിക്ക് രാഹുല്‍ ഗാന്ധി കൈമാറി.
മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡന്റ് ഡോ. പരമേശ്വര തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."