കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടി ഭയന്ന് ബെള്ളാരിയിലെ റാലി അമിത്ഷാ റദ്ദാക്കി
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതി ആരോപണം നേരിടുന്ന റെഡ്ഡി കുടുംബത്തിലെ ഏഴുപേര്‍ക്ക് സീറ്റ് നല്‍കിയത് ബി.ജെ.പിക്ക് തിരിച്ചടിയായേക്കും. അഴിമതിക്കാരെ സംസ്ഥാന ഭരണത്തിലേക്ക് കൊണ്ടുവരുന്നത് വീണ്ടും വലിയ ക്രമക്കേടിന് ഇടയാക്കുമെന്ന കോണ്‍ഗ്രസിന്റെ ആരോപണം ശക്തമായതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. അതിനിടെ, അഴിമതിക്കാര്‍ക്ക് സീറ്റ് നല്‍കിയതില്‍ പങ്കില്ലെന്ന് വ്യക്തമാക്കാനും ജനങ്ങള്‍ക്കിടയില്‍ ക്ലീന്‍ ഇമേജ് ഉണ്ടാക്കുന്നതിനുമായി ബെള്ളാരിയിലെ തെരഞ്ഞെടുപ്പ് റാലി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ റദ്ദാക്കി.
എന്നാല്‍, അദ്ദേഹത്തിന്റെ നീക്കം ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്കെതിരായ വികാരം ഇല്ലാതാക്കാനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെ നടത്താനിരുന്ന റാലിയാണ് റദ്ദാക്കിയത്. അഴിമതി ആരോപണം നേരിടുന്ന റെഡ്ഡി സഹോദരന്‍മാരുമായി വേദി പങ്കിടുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് റാലിയില്‍ പങ്കെടുക്കാനുള്ള തീരുമാനം അമിത് ഷാ റദ്ദാക്കിയത്.
കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്ന ഖനിമാഫിയ പ്രതിനിധികളായ ഏഴുപേര്‍ക്കാണ് ഇത്തവണ ബി.ജെ.പി സീറ്റ് നല്‍കിയത്. ഇതിനെതിരേ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചാണ് അമിത്ഷായുടെ നിര്‍ദേശപ്രകാരം സീറ്റ് നല്‍കിയത്. ഇത് കോണ്‍ഗ്രസ് പ്രചാരണായുധമാക്കിയതോടെയാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക അമിത്ഷാ അടക്കമുള്ള നേതാക്കള്‍ക്കുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് റാലി റദ്ദാക്കല്‍ നാടകം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കര്‍ണാടകയുടെ താല്‍പര്യം കണക്കിലെടുത്ത് റെഡ്ഡി സഹോദരന്മാര്‍ക്ക് മാപ്പ് നല്‍കുന്നുവെന്ന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും ബെള്ളാരിയിലെ ഖനിമാഫിയക്കാരുടെ ഇഷ്ടക്കാരനുമായ ബി.എസ് യെദ്യൂരപ്പ ഈയിടെ വ്യക്തമാക്കിയിരുന്നു. മധ്യകര്‍ണാടകയില്‍ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള എല്ലാ സഹായങ്ങളും നല്‍കുന്നത് ഖനിമാഫിയാ രാജാവായ ജനാര്‍ദ്ദന റെഡ്ഡിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."