മൈക്ക് പോംപിയോ യു.എസ് വിദേശകാര്യ സെക്രട്ടറിയായി അധികാരമേറ്റു
വാഷിങ്ടണ്‍: സി.ഐ.എ മുന്‍ ഡയരക്ടര്‍ മൈക് പോംപിയോവിനെ വിദേശകാര്യ സെക്രട്ടറിയായി യു.എസ് സെനറ്റ് അംഗീകരിച്ചു. തുടര്‍ന്ന് പോംപിയോ സെനറ്റില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിനുപിന്നാലെ നാറ്റോ യോഗത്തിനായി അദ്ദേഹം ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലേക്കു തിരിച്ചു.
ബ്രസല്‍സിലെ നാറ്റോ യോഗത്തിനു ശേഷം പോംപിയോ പശ്ചിമേഷ്യയിലേക്ക് തിരിക്കും. സഊദി അറേബ്യ, ജോര്‍ദാന്‍, ഇസ്റാഈല്‍ എന്നിവിടങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സഊദിയുടെ സല്മാന് രാജാവ്, ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമീന് നെതന്യാഹു, ജോര്‍ദാന്റെ അബ്ദുല്ല രാജാവ് എന്നിവരുമായി പോംപിയോ കൂടിക്കാഴ്ച നടത്തും.
ഡൊണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് റെക്സ് ടില്ലേഴ്സന് പുറത്താക്കപ്പെട്ട ഒഴിവിലേക്കാണ് പോംപിയോയെ തെരഞ്ഞെടുത്തത്. റിപബ്ലിക്കന്‍ അംഗമായ പോംപിയോ മുന്‍ സൈനിക ഉദ്യോഗസ്ഥനാണ്. യുദ്ധക്കൊതിയനെന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം ട്രംപിന്റെ ഉറ്റ വിശ്വസ്തന് കൂടിയാണ്. ഉ.കൊറിയ, ഇറാന്, പശ്ചിമേഷ്യ തുടങ്ങിയ വിഷയങ്ങളിലെല്ലാം നേരത്തേ പോംപിയോ ഇടപെട്ടിരുന്നു.
സെനറ്റില്‍ 42നെതിരേ 57 വോട്ടിനാണ് പോംപിയോ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സ്വവര്‍ഗവിവാഹം, ഇസ്ലാം തുടങ്ങിയ വിഷയങ്ങളിലുള്ള പോംപിയോയുടെ നിലപാടുകള്‍ എടുത്തുകാട്ടി ഡെമോക്രാറ്റിക് പ്രതിനിധികള്‍ അദ്ദേഹത്തിനെതിരേ ശക്തമായ പ്രചാരണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."