വീണ്ടും ഇസ്‌റാഈല്‍ വെടിവയ്പ്പ്; മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സ: തുടര്‍ച്ചയായ അഞ്ചാം വെള്ളിയാഴ്ചയും അതിര്‍ത്തിയില്‍ സമരം നടത്തിയ ഫലസ്തീനികള്‍ക്കു നേരെ ഇസ്‌റാഈല്‍ വെടിവയ്പ്പ്. ഇന്നലെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ മാര്‍ച്ച് 30ന് ആരംഭിച്ച പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 45 ആയി.
ഇന്നലെ പരുക്കേറ്റ 350 പേരടക്കം 5,500 പേര്‍ക്ക് ഇസ്‌റാഈല്‍ വെടിവയ്പ്പില്‍ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഫലസ്തീനിലെ ഹമാസ് അടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭത്തെയാണ് ഇസ്‌റാഈല്‍ സൈന്യം വെടിവയ്പ്പിലൂടെ നേരിടുന്നത്.
പതിവു പോലെ ആയിരക്കണക്കിന് ഫലസ്തീനികളാണ് കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ തമ്പടിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ ഇസ്‌റാഈല്‍ സൈന്യം സാധാരണക്കാര്‍ക്കെതിരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിനെതിരേ യു.എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ സൈദ് റഅദ് അല്‍ ഹുസൈന്‍ രംഗത്തെത്തിയിട്ടുണ്ട്.
ഫലസ്തീനികള്‍ക്കു നേരെയുള്ള അമിതാധികാര പ്രയോഗം അപലപനീയമാണെന്നും നരഹത്യക്ക് ഇസ്‌റാഈല്‍ ഉത്തരവാദിയായിരിക്കുമെന്നും റഅദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."