മനുഷ്യാവകാശ കമ്മിഷന്‍ പുതിയ ചെയര്‍മാനെതേടി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനെ തുരത്താനുറച്ച് സര്‍ക്കാര്‍. മനുഷ്യാവകാശ കമ്മിഷനിലേക്ക് സ്ഥിരം ചെയര്‍മാനെ തിരഞ്ഞു തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫിസ് ഇതിനകം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വിരമിച്ച ജസ്റ്റിസുമാരെ സമീപിച്ചെങ്കിലും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി കേരളത്തിലെത്താന്‍ ആര്‍ക്കും താല്‍പര്യവുമില്ല.
പ്രധാനമായും സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് തീര്‍പ്പ് കല്‍പ്പിക്കേണ്ടതിനാല്‍ ഭാഷ പ്രശ്‌നമാകുന്നതിനാലും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാലും സമീപിച്ചവരെല്ലാം ഒഴിഞ്ഞുമാറി. ഇതേത്തുടര്‍ന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍നിന്നു അടുത്ത മാസം വിരമിക്കുന്ന ആന്റണി ഡൊമനിക്കിനെ പുതിയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതായാണ് സൂചന. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് ആന്റണി ഡൊമനിക്കുമായി ആശയവിനിമയം നടത്തിയെന്നും അനുകൂല നിലപാട് അദ്ദേഹം സ്വീകരിച്ചുവെന്നും സൂചനയുണ്ട്.
മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചതിനു ശേഷം 2016 സെപ്റ്റംബര്‍ നാലിനാണ് ജസ്റ്റിസ് ജെ.ബി കോശി പടിയിറങ്ങിയത്. അതിനുശേഷം യോഗ്യതയുള്ള മലയാളികള്‍ ഇല്ലാത്തതിനാല്‍ രണ്ടംഗങ്ങളില്‍ നിന്നു ജില്ലാ ജഡ്ജിയായിരുന്ന പി. മോഹനദാസിനെ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനായി ഗവര്‍ണര്‍ നിയമിക്കുകയായിരുന്നു.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സര്‍ക്കാരിനെതിരേ പല കേസുകളിലും മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടിരുന്നുവെങ്കിലും മലയാളികളായ ജസ്റ്റിസുമാരെ ലഭിക്കാത്തതിനാല്‍ മോഹനദാസിനെ തുടരാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ വരാപ്പുഴ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട ഉത്തരവുകളും പ്രസ്താവനകളും മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ചൊടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ധൃതിയില്‍ പുതിയ ചെയര്‍മാനെ പ്രതിഷ്ടിക്കാന്‍ തീരുമാനിച്ചതും തിരഞ്ഞിറങ്ങിയതും.
മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനമാണെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് നിയമനം നടത്തുന്നതിന് വ്യക്തമായ മാനദണ്ഡമുണ്ട്. 70 വയസില്‍ താഴെയുള്ള ചീഫ് ജസ്റ്റിസ് പദവിയിലിരുന്നവരെ മാത്രമേ കമ്മിഷന്‍ ചെയര്‍മാന്‍ പദവിയിലേക്ക് നിയമിക്കാവൂ എന്നാണ് ചട്ടം. ചെയര്‍മാനായി എത്തുന്ന വ്യക്തി 70ാമത്തെ വയസില്‍ വിരമിക്കണമെന്ന ചട്ടവും നിലവിലുണ്ട്.
മനുഷ്യാവകാശ കമ്മിഷനില്‍ ഓരോ വര്‍ഷവും കേസുകളുടെ എണ്ണം കൂടിവരികയാണ്. 2011ല്‍ 5,000 കേസുകള്‍ മാത്രമാണ് ഫയല്‍ചെയ്തിരുന്നത്. 2012ല്‍ 7,489, 2013ല്‍ 9,144 എന്നിങ്ങനെ കേസുകള്‍ വര്‍ധിച്ചു. 2014ലും 2015ലും 13,000കേസുകളുണ്ടായി. 2016ലും 17ലും ഇത് 15,000 കടന്നു. രണ്ടംഗങ്ങള്‍ മാത്രമുള്ള കമ്മിഷന്‍ ഏറെ ബുദ്ധിമുട്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന് സൗകര്യമുള്ള കെട്ടിടമില്ല. ഓഫിസിലാകട്ടെ ആവശ്യത്തിന് കംപ്യൂട്ടറോ ഉദ്യോഗസ്ഥരോ മറ്റു സൗകര്യങ്ങളോ സര്‍ക്കാര്‍ ഒരുക്കിയിട്ടുമില്ല. പുതിയ ചെയര്‍മാന്‍ വരുന്നതോടെ ഇതിനെല്ലാം മാറ്റം വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."