ലിഗയുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ വിദേശ വനിത ലിഗയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും കാലിലും ആഴമേറിയ മുറിവുകള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തുമുറുക്കിയാണ് കൊന്നതെന്നും മുറിവുകള്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ സംഭവിച്ചതാകാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിശദമായ റിപ്പോര്‍ട്ട് ഇന്ന് പൊലിസിന് കൈമാറും. ലിഗയുടെ മൃതദേഹം ലഭിച്ച സ്ഥലത്തുനിന്ന് കഴുത്തില്‍ വരിഞ്ഞുമുറുക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന കാട്ടുവള്ളിയും മുടിയിഴകളും കണ്ടെത്തിയിരുന്നു. ഇവ ഫോറന്‍സിക് പരിശോധനക്ക് കൈമാറി.
അതിനിടെ ലിഗയെ കഴുത്തുഞെരിച്ചു കൊന്നതാകാമെന്ന് പൊലിസും ഔദ്യോഗികമായി വ്യക്തമാക്കി. ഫോറന്‍സിക് വിദഗ്ധര്‍ നല്‍കിയ സൂചനകള്‍കൊണ്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും നിരവധി പേരെ ചോദ്യം ചെയ്തുവെന്നും തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശ് പറഞ്ഞു.
അതിനിടെ ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുറ്റത്തുനിന്നു ലഭിച്ച മുടിയിഴകള്‍ ലിഗയുടേത് അല്ലെന്നാണ് സൂചന. ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണിയും കണ്ടെത്തി. ഇതില്‍നിന്നു വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗ സഞ്ചരിച്ചുവെന്ന് കരുതുന്ന വഴികളും പൊലിസ് പരിശോധിച്ചു. മൃതദേഹം കണ്ടെത്തിയ മേഖലയെക്കുറിച്ചു ദുരൂഹതയേറിയ സാഹചര്യത്തിലാണ് വിശദമായ പരിശോധന നടത്തിയത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നവരില്‍ കോവളത്തെ ഒരു അനധികൃത ടൂറിസ്റ്റ് ഗൈഡും ഒരു പുരുഷ ലൈംഗിക തൊഴിലാളിയുമാണ് പ്രതിയാകാന്‍ സാധ്യതയുള്ളതായി പൊലിസ് കൂടുതല്‍ സംശയിക്കുന്നത്. യോഗ പരിശീലകന്‍, പ്രദേശത്തെ ലഹരി മാഫിയക്കാര്‍ ഉള്‍പ്പെടെ കസ്റ്റഡിയിലുള്ളവരെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. മൊഴികളിലെ ദുരൂഹത മാറ്റാന്‍ മനഃശാസ്ത്ര വിദഗ്ധരുടെ സഹായവും പൊലിസ് തേടിയിട്ടുണ്ട്.
ഇന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടാതെ മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ വൈകിയ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടും പൊലിസിന് ലഭിക്കും. ഇത് അന്വേഷണത്തിന് കൂടുതല്‍ വേഗത കൈവരുന്നതിനും പ്രതികളിലേക്ക് എളുപ്പത്തില്‍ എത്തുന്നതിനും പൊലിസിനെ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."